സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതം, സഹികെട്ട ഹംഗറി റയില്‍വേ സ്റ്റേഷന്‍ അടച്ചു. കുടിയേറ്റക്കാരെ തടയാന്‍ നൂറു മൈല്‍ നീളമുള്ള കനത്ത മുള്ളുവേലി അതിര്‍ത്തിയില്‍ നിര്‍മ്മാണം പുരോഗമിക്കവെയാണ് ഹംഗറി തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലെ രാജ്യാന്തര റയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടത്.
ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കും കുടിയേറ്റക്കാര്‍ ട്രെയിന്‍കയറുന്നതു തടയാനാണിത്. ഇതോടെ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകളാണു റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്. യാത്ര തടഞ്ഞതോടെ ഒരുസംഘം കുടിയേറ്റക്കാര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സെര്‍ബിയ വഴി ഒന്നരലക്ഷത്തിലേറെ കുടിയേറ്റക്കാരാണ് ഈ വര്‍ഷം ഹംഗറിയിലെത്തിയത്.
കുടിയേറ്റക്കാര്‍ ഹംഗറിയില്‍ അഭയത്തിന് അപേക്ഷ നല്‍കുമെങ്കിലും അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുംമുന്‍പേ കൂടുതല്‍ സമ്പന്നമായ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടക്കുകയാണു പതിവ്. ഹംഗറിയിലെ വലതു പാര്‍ട്ടികള്‍ കുടിയേറ്റത്തിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളും കുടിയേറ്റം കൈകാര്യം ചെയ്യാനാവില്ലെന്ന നിലപാടിലാണ്.
പാരിസ്, ലണ്ടന്‍ അതിവേഗ ട്രെയിനില്‍ കയറാന്‍ ഫ്രഞ്ച് തുറമുഖനഗരമായ കലെസിലെ റയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിനു കുടിയേറ്റക്കാരെത്തി. നാലായിരത്തിലേറെപ്പേരാണ് ലണ്ടനിലേക്കു ട്രെയിന്‍കയറാന്‍ തുറമുഖനഗരത്തിലെ താല്‍ക്കാലിക താവളങ്ങളില്‍ കാത്തിരിക്കുന്നത്. ഇന്നലെ കുടിയേറ്റക്കാര്‍ക്കു ടിക്കറ്റ് നിഷേധിച്ചതോടെ അവരെല്ലാം റയില്‍പ്പാളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ അഞ്ചു ട്രെയിനുകള്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ കുടുങ്ങി.
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ വന്നിറങ്ങിയ കുട്ടികളും സ്ത്രീകളുമടക്കം നാലായിരത്തോളം സിറിയന്‍ അഭയാര്‍ഥികളെ കടത്തുബോട്ടുകളില്‍ ഗ്രീസ് അധികൃതര്‍ ആതന്‍സിലെത്തിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഗ്രീസിന്റെ ദ്വീപുനഗരത്തിലെ തെരുവുകളിലും ഉദ്യാനങ്ങളിലും അഭയാര്‍ഥികള്‍ തമ്പടിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല