സ്വന്തം ലേഖകന്‍: അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വീണ്ടും, കുവൈത്തിലേക്ക് സ്വകാര്യ ഏജന്‍സികള്‍ ഇരുനൂറോളം പേരെ കടത്തിയതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഏജന്‍സികള്‍ ദുബായ് വഴി കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
എഴുത്തു പരീക്ഷ, അഭിമുഖം, പണമിടപാടുകള്‍ എന്നിവ വിദേശത്തു വച്ചു നടത്തി, കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇരുനൂറോളം നഴ്‌സുമാരെ ഇവര്‍ ദുബായി വഴി കുവൈത്തില്‍ എത്തിച്ചതായാണ് സൂചന. സംസ്ഥാനത്തെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായതോടെ സ്വകാര്യ ഏജന്‍സികള്‍ 30 ലക്ഷത്തോളം ഈടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് എന്ന പേരില്‍ പാന്‍ ഏഷ്യ, ജെ.കെ. ഇന്റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍വഴി റിക്രൂട്ട് ചെയ്ത 20 നഴ്‌സുമാര്‍ക്ക് ആംബുലന്‍സ് സര്‍വീസിലാണ് ജോലി ലഭിച്ചതെന്നും കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വിസ തട്ടിപ്പു സ്ഥാപനങ്ങളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഓവര്‍സീസ് എന്ന പുതിയ പദ്ധതിക്ക് കേരള പോലീസ് രൂപം നല്‍കി.
പദ്ധതിയുടെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ 10 തട്ടിപ്പു സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നിരവധി വ്യാജ രേഖകളും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. വിസ സ്റ്റാമ്പിങ്ങിന്റേയും വിദേശ ടിക്കറ്റ് ബുക്കിങ്ങിന്റേയും മറ പിടിച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല