സ്വന്തം ലേഖകന്‍: പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്. അനധികൃതമായി തങ്ങിയവരില്‍ 6,000 പേര്‍ പിന്നീട് രാജ്യം വിട്ടു. മടങ്ങിപ്പോയവരുടെ പട്ടിക കൂടി പരിശോധിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാരാണ് വിവിധ വീസകളില്‍ അമേരിക്കയില്‍ എത്തിയത്.
ബിസിനസ്, ടൂറിസ്റ്റ്, സ്റ്റുഡന്റ്‌സ് തുടങ്ങി കുടിയേറ്റ ഇതര വീസകളില്‍ എത്തിയവരാണ് ഇവര്‍. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ എത്തിയവരില്‍ 96 ശതമാനവും നോണ്‍ ഇമിഗ്രന്റ് സന്ദര്‍ശകരാണ്. 2016ല്‍ അമേരിക്കയില്‍ നിന്ന് അഞ്ചു കോടിയോളം കുടിയേറ്റ ഇതര വീസയില്‍ എത്തിയ വിദേശികള്‍ പുറത്തു പോകേണ്ടതായിരുന്നു. എന്നാല്‍ ഇവരില്‍ 739,478 പേര്‍ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടര്‍ന്നു. ഇത് അനധികൃതമായി തങ്ങുന്നവരുടെ എണ്ണം 1.4% വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി താമസിക്കുന്നവരില്‍ 628,799 പേര്‍ അമേരിക്ക വിട്ടു പോയതാണോ അവിടെ താമസിക്കുന്നുണ്ടോ എന്നതിന് യാതൊരു രേഖയുമില്ല. അവശേഷിക്കുന്നവര്‍ നിമാനുസൃതമായ കാലവളവിനു ശേഷം രാജ്യം വിട്ടുപോയിട്ടുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ എത്തിയവരില്‍ പത്തു ലക്ഷത്തില്‍ ഏറെയും പേര്‍ ബിസിനസ്, ടൂറിസം വീസകളില്‍ എത്തിയവരാണ്.
ഇവരില്‍ ഭൂരിപക്ഷവും മടങ്ങിയെങ്കിലും 17,763 പേര്‍ അമേരിക്ക വിട്ടില്ല. ഇവരില്‍ 2,040 പേര്‍ വീസ കാലാവധി തീര്‍ന്ന ശേഷമാണ് മടങ്ങിയത്. 2016 ല്‍ 9,897 വിദ്യാര്‍ത്ഥികള്‍ മടങ്ങേണ്ടതായിരുന്നു. ഇവരില്‍ 1,561 പേര്‍ വിസ കാലാവധി തീര്‍ന്ന ശേഷം മടങ്ങിയെങ്കിലും 3,014 പേര്‍ അമേരിക്കയില്‍ തുടരുകയാണ്. ട്രംപ് അധികാരത്തില്‍ കയറിയതിനു ശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല