
സ്വന്തം ലേഖകൻ: സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി ആദ്യ ആഴ്ചയില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുകയായിരുന്ന 10,319 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയത്. അറസ്റ്റിലായവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,787 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 4,380 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,251 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,221 പേരെ സുരക്ഷാ അധികൃതര്‍ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 56 ശതമാനം എത്യോപ്യക്കാരും 42 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
പുതുതായി അറസ്റ്റിലായവരെ കൂടാതെ 33,576 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 30,261 പേര്‍ പുരുഷന്‍മാരും 3,315 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 23,991 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,869 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘകരെ സഹായിക്കുകയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് ഇത്തരം നിയമം ലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല