സ്വന്തം ലേഖകൻ: രാജ്യത്തെ കള്ള ടാക്‌സി സര്‍വീസുകള്‍ക്കെതിരേ നടപടികള്‍ കര്‍ക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ടാക്സി സര്‍വീസ് നടത്തിയ 932 വാഹനങ്ങള്‍ പിടികൂടിയതായി അധികൃതര്‍. പിടികൂടിയ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കള്ള ടാക്സികൾക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റിയാദ് വിമാനത്താവളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ള ടാക്‌സികളെയും ഡ്രൈവര്‍മാരെയും പിടികൂടിയത്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് മാത്രം 379 പേരെ കള്ള ടാക്‌സികളെ സര്‍വീസ് നടത്തവെ പിടികൂടി. മദീന, ജിദ്ദ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി പേര്‍ പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ ടാക്‌സി ലൈസന്‍സില്ലാതെ സര്‍വീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന വിധത്തില്‍ ആവശ്യത്തിന് അംഗീകൃത ടാക്സി സര്‍വീസുകള്‍ വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും സര്‍വീസ് നടത്തുന്നുണ്ടെന്നും ഇത്തരം ലൈസന്‍സുള്ള ടാക്സികളെ മാത്രം യാത്രയ്ക്കായി ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. 3600 അംഗീകൃത ടാക്സി സര്‍വീസുകള്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ സേവനങ്ങളും ലഭ്യമാണ്.
ടാക്‌സി ലൈസന്‍സില്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ ലൈസന്‍സുള്ള കമ്പനികളില്‍ ചേരാന്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അഭ്യര്‍ഥിച്ചു. ഔദ്യോഗിക ടാക്‌സി ലൈസന്‍സുള്ള കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് ഇന്‍സെന്റീവുകളിലേക്കും പിന്തുണ പരിപാടികളിലേക്കും പ്രവേശനം ലഭിക്കും. ലൈസന്‍സുള്ള കമ്പനികള്‍ ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകളും തത്സമയ ട്രിപ്പ് ട്രാക്കിങ്ങും ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരുടെ സുഖവും സുരക്ഷയും ഇത് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല