സ്വന്തം ലേഖകന്‍: ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതിയെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ച പള്ളി ഇമാമാണ് താരം. തിങ്കളാഴ്ചയാണ് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേരെ ഡാരന്‍ ഓസ്‌ബോണെന്ന അക്രമി വാഹനം ഓടിച്ചു കയറ്റിയത്. ഓസ്‌ബോനെ ജനം പിടികൂടി കൈകാര്യം ചെയ്തപ്പോള്‍ രക്ഷിക്കാനെത്തിയത് പള്ളിയിലെ ഇമാമായിരുന്നു. മുസ്ലിം വെല്‍ഫെയര്‍ ഹൗസിലെ ഇമാമാണ് രോഷകുലരായ ജനങ്ങള്‍ക്കിടയില്‍ നിന്ന് അക്രമിയുടെ ജീവന്‍ രക്ഷിച്ചത്.
ആരും അയാളെ തൊടരുത് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ ഇമാം മുഹമ്മദ് മഹ്മൂദ് പോലീസ് വരുന്നത് വരെ ജനങ്ങളോട് കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌കിനു സമീപം പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്നു ജനത്തിനു നേരെ അക്രമി വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ ഇതുവരെ രണ്ടു പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എല്ലാ കോണുകളില്‍ നിന്നുമുള്ള ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയാന്‍ ദൈവത്തിന്റെ കൃപയുണ്ടാകുമെന്ന് ഇമാം പ്രതികരിച്ചു. പോലീസ് അയാളെ പിടിച്ച് കൊണ്ടുപോയില്ലായിരുന്നെങ്കില്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുമായിരുന്നു എന്നും ഇമാം പറഞ്ഞു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയിലും അടുത്തുള്ള മുസ്ലിം വെല്‍ഫയര്‍ ഹൗസിലും പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയവര്‍ക്ക് നേരെയാണ് അക്രമി വണ്ടിയോടിച്ച് കയറ്റിയത്. വഴിയരികില്‍ കണ്ട പ്രായമായ മനുഷ്യനെ സഹായിക്കാന്‍ കൂടി നിന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം.
പോലീസിന്റെ കസ്റ്റഡിയിലുള്ള ഓസ്‌ബോനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഓസ്‌ബോണ്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ആക്രമണം തികഞ്ഞ ഭ്രാന്തായിരുന്നുവെന്നും ഒസ്‌ബോണിന്റെ കുടുംബം പ്രതികരിച്ചു. ഇയാള്‍ ഭീകരനല്ലെന്നും മാനസിക വിഭ്രാന്തിയുള്ളയാള്‍ മാത്രമാണെന്നും അമ്മ ക്രിസ്റ്റീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല