സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു, 37 അഭയാര്‍ഥികളുമായി ഗ്രീസിലേക്കു പോയ ബോട്ടാണ് തുര്‍ക്കി തീരക്കടലില്‍ മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ കാബിനിലുണ്ടായിരുന്നവരാണു മരിച്ചത്. ബോട്ട് മുങ്ങിയപ്പോള്‍ ഇവര്‍ക്കു പുറത്തുകടക്കാനായില്ല. ഡെക്കില്‍നിന്നിരുന്ന 20 പേരാണു രക്ഷപ്പെട്ടത്.
ഗ്രീസിലെ ദ്വീപായ കോസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. തുര്‍ക്കിയിലെ ബോര്‍ഡ്രമില്‍നിന്നു യാത്ര തിരിച്ചതായിരുന്നു ബോട്ട്. കടലിലൂടെ നാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കോസ് ദ്വീപിലെത്തുമെങ്കിലും ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്.
തുര്‍ക്കിയുടെ തീരക്കടലില്‍ ബോട്ട് തകര്‍ന്ന് ഇതുവരെ 274 അഭയാര്‍ഥികള്‍ മരിച്ചതായി ഉപപ്രധാനമന്ത്രി നുമാന്‍ കുര്‍തൂല്‍മസ് പറഞ്ഞു. തുര്‍ക്കി തീരസേന ഇതുവരെ 53,000 അഭയാര്‍ഥികളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഭയാര്‍ഥി പ്രശ്‌നത്തില്‍ നടപടിയെടുത്തു കാണാന്‍ ലോകത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി വിഭാഗ ഹൈക്കമ്മിഷണര്‍ അന്റോണിയോ ഗുട്ടെറസ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.
സമ്പന്ന രാഷ്ട്രങ്ങള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിത്തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളെ സംരക്ഷിക്കുന്ന ചെലവ് കൂടിവരുന്നതിനാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെലവുകള്‍ക്കു ബജറ്റ് വിഹിതം പോരാതെവരുന്ന സ്ഥിതിയുണ്ട്.
രാജ്യങ്ങളുടെ ചെലവിടല്‍ സംബന്ധിച്ചു യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ഇളവ് വേണമെന്ന് ഓസ്ട്രിയ ആവശ്യപ്പെട്ടു. അഭയാര്‍ഥികള്‍ക്കായി കടമെടുത്തുള്ള ചെലവിടല്‍ സാധാരണയായുള്ള ചെലവിന്റെ ഇനത്തില്‍ പെടുത്തരുതെന്ന് ഓസ്ട്രിയ ധനമന്ത്രി ഹാന്‍സ് ജോയര്‍ഗ് ഷെല്ലിങ് യൂറോപ്യന്‍ കമ്മിഷനോട് ആവശ്യപ്പെട്ടു.
അതേസമയം, മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ഒരാഴ്ചയ്ക്കിടെ 500 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന അറിയിച്ചു. ഏഴു രക്ഷാദൗത്യങ്ങളിലായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല