സ്വന്തം ലേഖകന്‍: സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും. അള്‍ജീരിയ അതിര്‍ത്തി സമീപത്തുള്ള അസ്സമക്കയ്ക്ക് അടുത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്പിലേക്ക് കുടിയേറ്റത്തിനു പുറപ്പെട്ട ഇവരെ കൊള്ളക്കാര്‍ ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. കുടിവെള്ളം ലഭിക്കാതെ ദാഹിച്ചു തൊണ്ടവരണ്ടാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കക്കും യൂറോപ്പിനും മധ്യേയുള്ള കുടിയേറ്റക്കാരുടെ പ്രധാന റൂട്ടാണ് നൈജര്‍.
മരിച്ചവരില്‍ ഒമ്പതു പേര്‍ സ്ത്രീകളും അഞ്ചു പേര്‍ പുരുഷന്മാരുമാണ്. ജൂണ്‍ ആറിനും പന്ത്രണ്ടിനും മധ്യേയാണ് ഇവര്‍ മരിച്ചതെന്നും കരുതുന്നു. സംഘത്തിലെ രണ്ടു പേര്‍ നൈജീരിയന്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
രാജ്യാന്തര ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) കണക്ക് അനുസരിച്ച് 120,000 പേരാണ് കഴിഞ്ഞ വര്‍ഷം നൈജര്‍ വഴി കടന്നുപോയത്. ഇവരില്‍ ഭൂരിഭാഗവും അപകടകരമായ മാലി, നൈജര്‍ വഴിയാണ് കടന്നുപോയത്. ലിബിയയില്‍ കലാപം രൂക്ഷമായതോടെയാണ് ഇതുവഴിയുള്ള മനുഷ്യക്കടത്ത് കുതിച്ചുയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല