1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ചവിട്ടിമെതിക്കുന്ന ചിത്രം വൈറലായി, ഹംഗറിക്കാരിയായ മാധ്യമ പ്രവര്‍ത്തകയുടെ ജോലി പോയി. പൊലീസിനെ ഭയന്നു കുട്ടിയുമായി ഓടുകയായിരുന്ന കുടിയേറ്റക്കാരനെയാണ് ടിവി ക്യാമറയുമായെത്തിയ യുവതി ചവിട്ടി വീഴ്ത്തിയത്. ഒരു പെണ്‍കുട്ടിയെയും തട്ടിവീഴ്ത്തി. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ചാനല്‍ അവരെ പിരിച്ചു വിടുകയായിരുന്നു.

അതേസമയം അഭയാര്‍ഥികളെ വിവിധ രാജ്യങ്ങള്‍ പങ്കിട്ടു കുടിയേറ്റ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികളുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മുന്നോട്ടു പോകവേ, ഹംഗറി അതിര്‍ത്തിയില്‍ പൊലീസ് അഭയാര്‍ഥികളെ തടഞ്ഞത് പ്രശ്‌നം വീണ്ടും വഷളാക്കി. പടിഞ്ഞാറന്‍ യൂറോപ്പിലേക്കു കുടിയേറാനായി സിറിയയില്‍ നിന്നടക്കം എത്തുന്ന അഭയാര്‍ഥികളുടെ പ്രധാന പ്രവേശന കവാടമാണ് ഹംഗറി.

സെര്‍ബിയയില്‍ നിന്നുള്ള പ്രധാന പ്രവേശന കവാടത്തില്‍ പൊലീസ്‌നിര ഭേദിച്ച നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് ബലപ്രയോഗം നടത്തിയതോടെ അവര്‍ നാലുപാടും ചിതറിയോടുകയായിരുന്നു. അഭയാര്‍ഥികള്‍ റയില്‍വേ സ്റ്റേഷനിലെത്തുന്നതു തടയാന്‍ ബുഡാപെസ്റ്റിലേക്കുള്ള പ്രധാന ഹൈവേയും പൊലീസ് അടച്ചു.

കുടിയേറ്റ വിരുദ്ധരായ ഹംഗറിയിലെ വലതുപക്ഷ ഭരണകൂടം കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ വികസനവും മൂല്യങ്ങളും തകര്‍ക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ക്വോട്ട പ്രകാരം ഓരോ രാജ്യവും അഭയാര്‍ഥികളെ സ്വീകരിക്കാതെ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു.

പരസ്പരം തര്‍ക്കിക്കാതെ ധീരവും ഉറച്ചതുമായ തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിതെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവി ഴാങ് ക്ലൊഡ് ജങ്കര്‍ പറഞ്ഞു. അഭയം നല്‍കുമ്പോള്‍ മതവിവേചനം പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ക്വോട്ട സമ്പ്രദായം സ്വീകാര്യമല്ലെന്നു ഹംഗറിയും ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.