സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റ വിഷയത്തില്‍ ഋഷി സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കുകയും, റുവാണ്ടന്‍ പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കും എന്ന നിശ്ചയത്തില്‍ മുന്‍പോട്ട് പോവുകയും ചെയ്യുമ്പോള്‍ അത് തിരിച്ചടിയാകുന്നത് അയര്‍ലന്‍ഡിനാണെന്ന്, അയര്‍ലന്‍ഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേല്‍ മാര്‍ട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ഇനി ഭാവിയില്ലെന്ന് കണ്ട് അനധികൃത അഭയാര്‍ത്ഥികള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വഴി അയര്‍ലന്‍ഡിലേക്ക് കടക്കുന്നുവെന്നാണ് ഉപ പ്രധാനമന്ത്രി പറഞ്ഞത്.
ഇതിന് അടിവരയിട്ടുകൊണ്ട്, ടീസഫ് എന്നറിയപ്പെടുന്ന ഐറിഷ് പ്രധാനമന്ത്രി ഇപ്പോള്‍ പുതിയ നിയമം കൊണ്ടു വരുന്നതിനുള്ള കരട് തയ്യാറാക്കാന്‍ നീതിന്യായ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളെ തിരികെ ബ്രിട്ടനിലേക്ക് അയയ്ക്കുന്നതിനുള്ള നിയമം രൂപീകരിക്കുവാനാണ് ടീസെഫ് സൈമണ്‍ ഹാരിസ് നീതിന്യായ വകുപ്പ് മന്ത്രി ഹെലെന്‍ മെക്എന്റീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അയര്‍ലന്‍ഡ് കുടിയേറ്റ സിസ്റ്റത്തിന്റെ സത്യസന്ധത കാത്തുസൂക്ഷിക്കുവാന്‍ ടീസെഫ് അതീവ പ്രാധാന്യം നല്‍കുന്നു എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.
ഇത്, ബ്രിട്ടന്റെ നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങി എന്നതിന്റെ തെളിവാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. എന്നാല്‍, അയര്‍ലന്‍ഡില്‍ നിയമാടിസ്ഥിത വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും നിയമങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പാക്കേണ്ടതുണ്ട് എന്നുമായിരുന്നു അയര്‍ലന്‍ഡ് വക്താവ് പ്രതികരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തിനായി ടീസെഫ് മുന്‍കൈ എടുക്കുന്നതെന്നും വക്താവ് പറഞ്ഞു.
സുരക്ഷിതമായ മൂന്നാം രാജ്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതുപോലെ, രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കഴിയാത്ത, യു കെയില്‍ നിന്നുമെത്തുന്നവരെ തിരികെ യു കെയിലേക്ക് അയയ്ക്കുവാനുള്ള നിര്‍ദ്ദേശവും പുതിയ നിയമത്തില്‍ ഉണ്ടാകും. തങ്ങളുടെ കുടിയേറ്റ സിസ്റ്റത്തെ ശക്തവും, കാര്യക്ഷമവും ആക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഒപ്പം സിസ്റ്റത്തിന്റെ സത്യസന്ധതയും സുതാര്യതയും ഉറപ്പു വരുത്തും.
സര്‍ക്കാര്‍ നയങ്ങളുടെ വിജയമാണിതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. നിയമവിരുദ്ധമായ കുടിയേറ്റം അന്താരാഷ്ട്ര തലത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും, അതുകൊണ്ടു തന്നെയാണ് പല രാജ്യങ്ങളും അഭയാര്‍ത്ഥി പ്രശ്നത്തെ നേരിടാന്‍ സുരക്ഷിതമായ മൂന്നാം രാജ്യങ്ങള്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. യു കെ ആരംഭിച്ച ഈ പുതിയ നയം ഇനി പല വികസിത രാജ്യങ്ങളും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല