സ്വന്തം ലേഖകൻ: ഡിസംബര്‍ 31നകം ഇ- വീസ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന ഹോം ഓഫീസ് നിര്‍ദ്ദേശം വന്നതിനു പിന്നാലെ രജിസ്‌ട്രേഷന്‍ നടത്താനാകാതെ ലക്ഷക്കണക്കിന് പേര്‍. 10 ഇയര്‍ റൂട്ട് വീസാ പ്രശ്‌നത്തില്‍പ്പെട്ടവരാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതെ ഉഴലുന്നത്. യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ടായിട്ടും അവര്‍ക്ക് ഇനിയും ഇ -വീസകള്‍ ആക്സസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സകല ബിആര്‍പി കാര്‍ഡുകളും ഈ മാസം 31ന് റദ്ദാക്കവേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ ഹോം ഓഫീസും പ്രതിസന്ധിയിലായിരിക്കുകയാണ്.
യുകെയിലേക്ക് സ്റ്റുഡന്റ് വീസയിലോ, വര്‍ക്ക് പെര്‍മിറ്റിലോ, അല്ലെങ്കില്‍ ഏതെങ്കിലും തട്ടിപ്പുകളിലോ പെട്ട് എത്തിയ ആളാണെങ്കിലും പത്തു വര്‍ഷം ഇവിടെ ജീവിച്ചാല്‍ 10 ഇയര്‍ റൂട്ട് വീസ ലഭിക്കുന്നതാണ്. ആ വഴി വീസ ലഭിക്കുന്ന പലരും താഴ്ന്ന വരുമാനക്കാരാണ്. ഓരോ തവണയും വീസ പുതുക്കുമ്പോള്‍ വലിയ തുകയാണ് നല്‍കേണ്ടത്. മാത്രമല്ല, വീസ പുതുക്കി ലഭിക്കുവാന്‍ ഒരു വര്‍ഷത്തോളം കാലതാമസമുണ്ടാകും. ആ കാലതാമസത്തിനിടെ അവര്‍ക്ക് ‘3C ലീവ്’ (വീസാ തീരുമാനം എടുക്കും വരെ യുകെയില്‍ തുടരാനുള്ള അനുമതി) അനുവദിക്കുകയും ജോലി ചെയ്യാനോ വീട് വാടകയ്ക്കെടുക്കാനോ ഒക്കെയുള്ള അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ 10 ഇയര്‍ റൂട്ട് വീസ പുതുക്കാന്‍ കാത്തിരിക്കുന്നതിനിടെ ഇ വീസയ്ക്ക് അപേക്ഷിച്ച പലരും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല. സ്‌ക്രീനില്‍ വ്യക്തിയ്ക്ക് അവരുടെ ഇ വീസ ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ക്കായി ലിങ്കില്‍ ക്ലിക്ക് ചെയ്യവേ തെറ്റായ മെസേജാണ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് സംബന്ധിച്ച് ഞങ്ങള്‍ക്ക് പ്രൂഫുകളൊന്നും ഇല്ല, നിങ്ങളുടെ സ്റ്റാറ്റസ് ഇതുവരെ ഈ സേവനത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല’ എന്ന സന്ദേശമാണ് തുറന്നു വരിക. ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്ന് ഹോം ഓഫീസ് പറയുന്നുണ്ട്. എങ്കിലും അവ സ്വീകരിക്കുവാന്‍ തൊഴിലുടമകളും എസ്റ്റേറ്റ് ഏജന്റുമാരും മടിക്കുന്ന സാഹചര്യത്തില്‍ ജോലി ചെയ്യാനും താമസസ്ഥലം കണ്ടെത്താനും ഇതു പ്രശ്‌നങ്ങളുണ്ടാക്കിയേക്കും.
അതേസമയം, വര്‍ക്ക് പെര്‍മിറ്റോ ഡിപെന്‍ഡന്റ് വീസയോ സ്റ്റുഡന്റ് വീസയോ എന്തിനേറെ പിആറോ ഉള്ളവരാണെങ്കില്‍ പോലും ഈമാസം 31ഓടെ അവരുടെ ബിആര്‍പി കാര്‍ഡുകളുടെ പെര്‍മിറ്റ് അവസാനിക്കാനിരിക്കെ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ മൊബൈലിലോ ലാപ്ടോപ്പിലോ ഇ വീസ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ വീസയില്ലെന്ന് പറഞ്ഞ് പുറത്താക്കിയേക്കാം. എങ്ങനെയാണു ഈ നടപടി പൂര്‍ത്തിയാക്കേണ്ടത് എന്ന് വിശദമായി ഈ ലേഖനത്തിലൂടെ വായിക്കാം. ഇത് എല്ലാ വീസക്കാര്‍ക്കും ബാധകമാണ്. നിങ്ങള്‍ക്ക് പിആര്‍ ഉണ്ടെങ്കില്‍ പോലും ഇ- വീസ എടുത്തില്ലെങ്കില്‍ പണിയാകും. എയര്‍പോര്‍ട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്നിടത്തും നിങ്ങള്‍ ഇനി മുതല്‍ ഷെയര്‍ കോഡ് കൊടുക്കേണ്ടത് ഇ വീസ ആപ്പില്‍ നിന്നാണ്.
യുകെയില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്താണ് എന്നുള്ളതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇ വീസ. ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് (ബി ആര്‍ പി), അല്ലെങ്കില്‍ ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കും പകരമുള്ളതാണിത്. നിങ്ങളുടെ ഇ വീസ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് കാണുന്നതിനും തെളിയിക്കാനും കഴിയും. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അറിയാന്‍ കഴിയും. ഈ ലിങ്കാണ് ഇനി എവിടെയെങ്കിലും നിങ്ങള്‍ ജോലിയ്‌ക്കോ യൂണിവേഴ്‌സിറ്റി പഠനത്തിനോ ഒക്കെ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്.
നിങ്ങളുടെ പക്കല്‍, ബി ആര്‍ പി പോലെയുള്ള ഒരു ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖ ഉണ്ടെങ്കില്‍ അത് 2024 അവസാനത്തോടെ കാലഹരണപ്പെടും. അതുകൊണ്ടു തന്നെ ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ഇ വീസ നിര്‍ബന്ധമായും എടുത്തിരിക്കണം. യൂറോപ്യന്‍ യൂണിയനില്‍ നിന്നൊഴിച്ചുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും 2024 ഡിസംബര്‍ 31ന് ഇ വീസ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണെന്ന് അറിയുക. അതിന് ശേഷം നിങ്ങളുടെ ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ്, ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല, അത്, നിങ്ങള്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അവകാശവും തരുന്നില്ല.
നിങ്ങളുടെ പക്കല്‍, ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ്, ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ്, പാസ്‌പോര്‍ട്ടില്‍ ‘വിഗ്‌നെറ്റ്’ സ്റ്റിക്കറുകള്‍ എന്നിവയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു ഇ വീസ ആവശ്യമാണ്. 2025 തുടങ്ങുമ്പോള്‍ മുതല്‍, മുകളില്‍ പരാമര്‍ശിച്ച രേഖകളുടെ സാധുത ഇല്ലാതെയാവുകയും അതിനു പകരമായി ഇ വീസ നിലവില്‍ വരികയും ചെയ്യും. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഇ വീസ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രീ- സെറ്റില്‍ഡ് അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇപ്പോള്‍ തന്നെ അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുവാന്‍ ഇ വീസയാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ്, ഇ വീസ അത്യാവശ്യമായ ഒന്നാണെങ്കില്‍, 2024 ഡിസംബര്‍ 31ന് മുന്‍പായി അത് എടുക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക്, തൊഴില്‍ ചെയ്യുന്നതിനുള്ള അനുമതിയും, വീട് വാടകക്ക് എടുക്കുന്നതിനുള്ള അനുമതിയും, എന്തിനധികം, യുകെയില്‍ താമസിക്കുന്നതിനുള്ള അനുമതിയും പോലും തെളിയിക്കാന്‍ സാധിച്ചെന്നു വരില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല