കുടിയേറ്റക്കാരുടെ മക്കളുടെ അവരുടെ സംസ്‌കാരത്തിന് അനുസരിച്ച് തല്ലാനും വഴക്കു പറയാനുമുള്ള അവകാശം നല്‍കണമെന്ന് ജഡ്ജിയുടെ നിര്‍ദ്ദേശം. ഭാര്യയെയും മകനെയും മര്‍ദ്ദിച്ചെന്നുള്ള കേസില്‍ ഒരു ഇന്ത്യക്കാരന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ബ്രിട്ടണിലേക്ക് പുതുതായി എത്തുന്ന ആളുകള്‍ കുട്ടികളെ നിയന്ത്രിക്കുന്നതിനായി തല്ലുകയും അടിക്കുകയും ചെയ്യാറുണ്ടെന്നും ഇതില്‍ തെറ്റ് കാണാനാവില്ലെന്നും ജഡ്ജി പറഞ്ഞു.
നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ട് പേര് പറയാന്‍ സാധിക്കാത്ത കുട്ടി കോടതിയില്‍ പറഞ്ഞത് പിതാവ് ബെല്‍റ്റിന് അടിച്ചെന്നാണ്. എന്നാല്‍, ഇന്ത്യക്കാരനായ പിതാവ് ഈ ആരോപണം കോടതിയില്‍ നിഷേധിച്ചു. കുട്ടിയെ അനുസരണം ശീലിപ്പിക്കുന്നതിന്റെ ഭാഗമായി തല്ലിയിട്ടുണ്ട്. പക്ഷെ അത് ബെല്‍റ്റുപയോഗിച്ചല്ല.
ഫിസിക്കല്‍ അബ്യൂസ് എന്ന ഗണത്തില്‍ പെടുത്താവുന്ന തരത്തിലുള്ളതല്ല കുട്ടിക്ക് ലഭിച്ച തല്ലെന്ന് ജഡ്ജി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. പുതുതായി ബ്രിട്ടണില്‍ എത്തുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് തല്ല് കിട്ടാറുണ്ട്. ഇത് ചൈല്‍ഡ് കെയര്‍ പ്രൊഫഷണല്‍സിനെ ആകാംക്ഷയിലാക്കുന്ന കാര്യമാണെന്നും ജഡ്ജി പറഞ്ഞു.
2004ലാണ് കുട്ടികളെ മുറിവേല്‍പ്പിക്കുന്ന തരത്തിലോ, ചതവുണ്ടാകുന്ന തരത്തിലോ, നീരുണ്ടാകുന്ന തരത്തിലോ മര്‍ദ്ദിച്ചാല്‍ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ഇന്ത്യക്കാരന്റെ കേസ് ഈ നിയമത്തിന് പരിധിയില്‍ വരുന്നതല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം ബ്രിട്ടീഷ് കുട്ടികള്‍ക്ക് നിയമ സംരക്ഷണം ലഭിക്കുന്നത് പോലെ തന്നെ ഇന്ത്യന്‍ കുട്ടികള്‍ക്കും നിയമ സംരക്ഷണം നല്‍കണം. അവരുടെ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് സാധ്യമല്ലെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഹൊല്ലോബോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല