സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്.
അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ആദ്യ നടപടിയായി ഞങ്ങള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഗുണ്ടാ സംഘങ്ങള്‍ മയക്കുമരുന്നു ഇടപാടുകാര്‍ ഇങ്ങനെ നിരവധി പേരെ നാടുകടത്തും. ഏതാണ്ട് ഇത് രണ്ടു മില്യണ്‍ വരും, ചിലപ്പോള്‍ മൂന്നു മില്യണ്‍ വരെയാകും. അല്ലെങ്കില്‍ ഇത്തരം ആളുകളെ തടവിലാക്കും,’ ട്രംപ് വ്യക്തമാക്കി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടവരും മയക്കുമരുന്നു കള്ളക്കടത്തുകാരുമായ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ട്. ഇവരുടെ എണ്ണം ഇരുപതുലക്ഷമോ മുപ്പതുലക്ഷമോ ആണ്. ഇവരെ മുഴുവന്‍ പുറത്താക്കും. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും. യുഎസ് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കുമെന്ന് ട്രംപ് പറഞ്ഞു. മതിലും വേലിയും നിര്‍മിച്ചാവും സുരക്ഷ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല