
സ്വന്തം ലേഖകൻ: നികുതികളുടെയും ജനഹിതകരമല്ലാത്ത തീരുമാനങ്ങളുടെയും ഒരു വര്‍ഷമായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മര്‍ നല്‍കിയത്. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിലാണ് അണികളോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ബ്രിട്ടന് പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതി വര്‍ദ്ധനവ് ഉണ്ടാകും എന്ന് തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒരുപക്ഷെ, അടുത്ത മാസത്തിലെ ബജറ്റില്‍ തന്നെ അത് വന്നേക്കാം. ബ്രിട്ടന്റെ സമ്പദ് സ്ഥിതി സുസ്ഥിരമാവുകയും, പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നത് വരെ കുറഞ്ഞ നികുതിയും മെച്ചപ്പെട്ട പൊതുസേവനങ്ങളും ഒത്തുപോവുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നവര്‍ക്ക് അഭയം നല്‍കുക, ഹരിത നയം നടപ്പിലാക്കുക, പുതിയ ജയിലുകള്‍ നിര്‍മ്മിക്കുക, വൈദ്യുതി വിതരണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി മറ്റു പല നടപടികളും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം. തൊഴിലാളി അവകാശങ്ങള്‍ എന്നീ മേഖലകളില്‍ മന്ത്രിമാര്‍ ഇടപെടലുകള്‍ നടത്തി നിയന്ത്രണം കരസ്ഥമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടേയും വ്യാപാര – വ്യവസായ സമൂഹത്തിന്റെയും ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നത് പോലുള്ള നേരത്തെ നടത്തിയ പ്രസ്താവനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന തരത്തിലുള്ളതായിരിക്കും സര് കീര്‍ സ്റ്റാര്‍മറുടെ പ്രസംഗം എന്നായിരുന്നു നേരത്തെ ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, ഇരുണ്ട ഗുഹയുടെ അങ്ങേയറ്റത്ത് ഇത്തിരി വെളിച്ചം എന്ന സമീപനം സ്വീകരിച്ച പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉടനീളം ഊന്നല്‍ നല്‍കിയത് താന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന കടുത്ത നടപടികള്‍ക്കായിരുന്നു. ബ്രിട്ടന്റെ ഭാവി അനിശ്ചിതത്തിലാണെന്നും, പ്രതീക്ഷയെല്ലാം നഷ്ടപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകരമായ മാറ്റങ്ങളിലൂടെ മാത്രമെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ബ്രിട്ടന് നിങ്ങളിലെത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യുവല്‍ പെയ്മെന്റ് നിര്‍ത്തലാക്കുന്ന നടപടി പൊതുജന വിശ്വാസം ഇല്ലാതെയാക്കി എന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷെ ആ തീരുമാനവുമായി മുന്പോട്ട് പോവുക തന്നെ ചെയ്യും എന്ന സൂചനയാണ് നല്‍കിയത്. അതേസമയം, താനും മറ്റ് മുതിര്‍ന്ന മന്ത്രിമാരും അനുഭവിക്കുന്ന ആനുകൂല്യങ്ങളെയും സൗജന്യങ്ങളെയും കുറിച്ച് ഒന്നും സംസാരിച്ചില്ല. ഭവനരഹിതര്‍ക്കും,പ്രായമേറിയവര്‍ക്കും, ഗാര്‍ഹിക പീഡനങ്ങളിലെ ഇരകള്‍ക്കും വീടുകള്‍ വെച്ചു നല്കുന്ന ഒരു ഭവന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് പറഞ്ഞ അദ്ദേഹം, നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുവാന്‍ തദ്ദേശിയര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കുമെന്നും പറഞ്ഞു. എല്ലാ മേഖലകളിലും വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടു വരിക എന്നതാണ് ഉദ്ദേശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല