1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2015


കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഇടമില്ലെന്ന കര്‍ശന നിലപാടില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അയവ് വരുത്തുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ ബ്രിട്ടണിലേക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടന്റെ നിലപാടുകള്‍ക്കെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ കാമറൂണ്‍ തയാറായിരിക്കുന്നതെന്നാണ് സൂചന.

ടര്‍ക്കിയുടെ തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്‍ അയലിന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രണ്ട് ലക്ഷം ബ്രിട്ടീഷുകാര്‍ ഒപ്പിട്ട ഒരു സ്വതന്ത്ര നിവേദനവും പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുളളവര്‍ നിവേദനത്തില്‍ ഒപ്പ് വച്ചിരുന്നു.

അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ബ്രിട്ടന്‍ ആവശ്യമായതെല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അഭയാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തിയിലുളള യുഎന്‍എച്ച്‌സിആര്‍ ക്യാമ്പിലുളള പതിനായിരം അഭയാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും ബ്രിട്ടണ്‍ ഒരു ദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇക്കാര്യം നേരത്തെ തന്നെ യുഎന്‍എച്ച്‌സിആര്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടിട്ടുളളതാണ്.

അഭയാര്‍ത്ഥികളെ സഹായിക്കാനായി റെഡ്‌ക്രോസും സംഭാവനകള്‍ തേടി രംഗത്തുണ്ട്. സിറിയന്‍ ബാലന്റെ മൃതദേഹം ടര്‍ക്കി തീരത്ത് അടിഞ്ഞതോടെയാണ് അഭയാര്‍ത്ഥികള്‍ക്കുളള സഹായം തേടല്‍ ഊര്‍ജ്ജിതമായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.