സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹം രൂക്ഷം, ക്രൊയേഷ്യക്കും മതിയായി, അതിര്‍ത്തി അടക്കാന്‍ നീക്കം. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും അതിര്‍ത്തി അടക്കുമെന്ന് സൂചന നല്‍കിയതോടെ അഭയാര്‍ഥി പ്രശ്‌നം വീണ്ടും വഷളായി. രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ക്കു താല്‍ക്കാലിക സൗകര്യമൊരുക്കാം എന്നാല്‍ ആര്‍ക്കും അഭയം നല്‍കാനാവില്ലെന്ന് ഇന്നലെ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലനോവിക് വ്യക്തമാക്കി.
ബുധനാഴ്ച ഹംഗറിയുടെ അതിര്‍ത്തികളില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും സായുധസേനയെ വിന്യസിക്കുകയും ചെയ്തതോടെയാണ് അഭയാര്‍ഥികള്‍ ക്രൊയേഷ്യയിലേക്കു തിരിഞ്ഞത്. 48 മണിക്കൂറില്‍ 13,000 പേരാണു ക്രൊയേഷ്യയുടെ അതിര്‍ത്തി കടന്നെത്തിയത്. അഭയാര്‍ഥി പ്രവാഹം നിയന്ത്രണാതീതമായാല്‍ സൈന്യത്തിന്റെ സഹായം തേടാന്‍ തീരുമാനിച്ചതായും മിലനോവിക് പറഞ്ഞു.
ഇതിനായി ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ക്രൊയേഷ്യ ഇന്നലെ അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഈവര്‍ഷം ഇതേവരെ അഞ്ചുലക്ഷത്തോളം അഭയാര്‍ഥികളാണു യൂറോപ്പിലേക്ക് എത്തിയിട്ടുള്ളത്. അഭയാര്‍ഥി പ്രവാഹം തുടര്‍ന്നാല്‍ അതിര്‍ത്തി അടയ്ക്കുമെന്നു നോര്‍വേയും വ്യക്തമാക്കി. സിറിയ അടക്കം ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ഥികളിലേറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല