സ്വന്തം ലേഖകന്‍: കുടിയേറ്റക്കാര്‍ക്കായി സഹായഹസ്തങ്ങള്‍ നീളുന്നു, ജര്‍മ്മനിയും ഓസ്ട്രിയയും അതിര്‍ത്തി തുറന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് ഓസ്ട്രിയ വഴി ജര്‍മനിയിലെത്താന്‍ ഇതു വഴിയൊരുക്കും. രാഷ്ട്രീയ അഭയാര്‍ഥികള്‍ എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചു.
അഭയാര്‍ഥികള്‍ക്കുള്ള താമസസൗകര്യമൊരുക്കാന്‍ സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും സര്‍ക്കാര്‍ അധികച്ചെലവ് സ്വന്തം പൗരന്മാര്‍ക്ക് ഭാരമാകില്ലെന്നും നികുതി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥി പ്രവാഹം കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച നയരൂപീകരണത്തിനായി കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്നു കൂടിയാലോചിക്കും.
അഭയരാജ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ കുടിയേറ്റക്കാര്‍ക്കു തങ്ങാന്‍ ഇറ്റലിയിലും ഗ്രീസിലും താല്‍ക്കാലിക കേന്ദ്രങ്ങളൊരുക്കണമെന്ന് ജര്‍മനിയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.അഭയാര്‍ഥികളെ പങ്കിട്ടെടുത്ത് എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ജര്‍മനി ആഹ്വാനം ചെയ്തിരുന്നു.
ബുഡാപെസ്റ്റില്‍ കുടുങ്ങിയ അഭയാര്‍ഥികളില്‍ ആറായിരത്തിലേറെപ്പേരെ ഹംഗേറിയന്‍ അധികൃതര്‍ ബസില്‍ ഇന്നലെ ഓസ്ട്രിയ അതിര്‍ത്തിയിലെത്തിച്ചു. ഇതില്‍ 2200 ലേറെപ്പേര്‍ പ്രത്യേക ട്രെയിനില്‍ ജര്‍മനിയിലെ മ്യൂണിക്കിലുമെത്തി.
അതേസമയം ബുഡാപെസ്റ്റില്‍ കുടുങ്ങിയ അഭയാര്‍ഥി സംഘങ്ങളില്‍ ചിലത് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പദയാത്ര തുടങ്ങി. അഭയം തേടി യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ക്കായി സ്വന്തം വീട് വിട്ടുകൊടുത്ത് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി രംഗത്തെത്തി. വടക്കന്‍ ഫിന്‍ലന്‍ഡിലെ കെംപീലിലുള്ള വസതിയാണ് പ്രധാനമന്ത്രി ജൂഹ സിപില വിട്ടു കൊടുക്കുന്നത്.
പ്രധാനമന്ത്രി ഹെല്‍സിങ്കിയിലെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്നതിനാല്‍ ഈ വീട് ഉപയോഗിക്കുന്നില്ല. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വീട് അഭയാര്‍ഥികള്‍ക്കു താമസിക്കാന്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ജന്മനാട്ടിലെ യുദ്ധവും ദാരിദ്ര്യവും മൂലം യൂറോപ്പിലേക്കു കുടിയേറാന്‍ കൊതിക്കുന്നവരോട് എല്ലാ ഫിന്‍ലന്‍ഡുകാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല