സ്വന്തം ലേഖകൻ: യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ് പൗരത്വം സ്വീകരിച്ചു. പട്ടികയിൽ ആദ്യ സ്ഥാനം മെക്സിക്കോയ്ക്കാണ് (1,28,878 പേർ). 4.6 കോടിയിലധികം വിദേശ പൗരന്മാർ 2022 ൽ യുഎസിൽ താമസിച്ചിരുന്നു, ഇത് യുഎസ് ജനസംഖ്യയുടെ 14% വരും. 2.45 കോടി വിദേശ പൗരന്മാർ യുഎസ് പൗരത്വം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് (‘നാചുറലൈസ്ഡ് സിറ്റിസൺ’) അവകാശപ്പെടുന്നു.
ഫിലിപ്പീൻസ് (53,413 പേർ), ക്യൂബ (46,913 പേർ), ഡൊമിനിക്കൻ റിപ്പബ്ലിക് (34,525 പേർ) എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആകെ 9,69,380 പേരാണ് 2022 ൽ യുഎസ് പൗരത്വം നേടിയത്.2023 വരെയുള്ള കണക്കുകൾ പ്രകാരം, 28,31,330 ഇന്ത്യക്കാർ യുഎസിൽ പൗരത്വം നേടിയിട്ടുണ്ട്. മെക്സിക്കോയ്ക്ക് ശേഷം രണ്ടാം സ്ഥാനമാണ്. മെക്സിക്കോയിൽ നിന്നുള്ള 1,06,38,429 പേരാണ് യുഎസ് പൗരരായത്. 22,25,447 പേർക്ക് പൗരത്വം ലഭിച്ച ചൈനയാണ് മൂന്നാമത്. ഇന്ത്യയിൽനിന്ന് കുടിയേറിയെത്തിയ 42 ശതമാനം പേർക്കും പൗരത്വത്തിന് യോഗ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് (യുഎസ്‌സിഐഎസ്) നേരിട്ടിരുന്ന കാലതാമസം കുടിയേറ്റക്കാർക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ 2020 ന് ശേഷം കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്ന് സിഎസ്ആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ 9,43,000 അപേക്ഷകൾ ഉണ്ടായിരുന്നത് 2023ൽ 4,08,000 ആയി കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല