1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2024

സ്വന്തം ലേഖകൻ: നിയന്ത്രണങ്ങള്‍ മൂലം സമീപകാലത്ത്‌ യുകെയിലേക്കു ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ മേധാവിത്തം ഇപ്പോഴും ഇന്ത്യക്കാര്‍ക്കു തന്നെ.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ പ്രകാരം സ്റ്റുഡന്റ്, വര്‍ക്ക് വീസ കാറ്റഗറികളില്‍ ഏറ്റവും വലിയ ഇയു ഇതര കുടിയേറ്റക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്.

ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോകുന്നതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗതമായി സ്വീകരിച്ച് വരുന്ന രീതി. ഇതില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2024 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 116,000 വര്‍ക്ക് വീസകള്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ചപ്പോള്‍, സ്റ്റഡി വീസ ഇനത്തില്‍ 127,000 പേരും യുകെയിലേക്ക് എത്തിയെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇയു ഇതര കുടിയേറ്റക്കാരുടെ ഇടയില്‍ ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും കൂടുതല്‍ വീസ കരസ്ഥമാക്കുന്നത്.

മാസ്റ്റേഴ്‌സ് ലെവല്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ലക്ഷ്യംവെയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ 81% വീസകളും പോസ്റ്റ്ഗ്രാജുവേറ്റ് പഠനത്തിനായി നല്‍കിയതാണ്. 2021-ല്‍ തുടങ്ങിയ ഗ്രാജുവേറ്റ് റൂട്ട് വീസയാണ് വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന് പ്രധാന കാരണമായത്. ഇതുവഴി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരാം.

പോസ്റ്റ് സ്റ്റഡി വീസാ പ്രോഗ്രാമാണ് യുകെ യൂണിവേഴ്‌സിറ്റികളുടെയും സാമ്പത്തിക പരാധീനതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ നൈജീരിയ, സിംബാബ്‌വെ രാജ്യക്കാരും നേരത്തെ തന്നെ രാജ്യം വിട്ട് പോകുന്നത് കുറവാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ചുരുങ്ങിയത് 12 മാസമെങ്കിലും യുകെയില്‍ തങ്ങാതെ മടങ്ങുന്നവരാണ് ഇവര്‍. അതേസമയം ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ നിരക്ക് കൂടുതലാണ്.

ഇതിനിടെ നെറ്റ് മൈഗ്രേഷന്‍ നിരക്കുകള്‍ പുറത്തുവന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും കുടിയേറ്റം ഉയര്‍ന്ന തോതില്‍ തുടരുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാന്‍ ഇമിഗ്രേഷന്‍ സിസ്റ്റം കടുപ്പിക്കുമെന്നാണ് മൈഗ്രേഷന്‍ & സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമാ മല്‍ഹോത്രയുടെ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.