സ്വന്തം ലേഖകൻ: 14 വർഷത്തെ ടോറി ഭരണത്തെ തൂത്തെറിഞ്ഞ് ലേബർ പാർട്ടിയെ ചരിത്ര വിജയത്തിലൂടെ അധികാരത്തിലേറ്റിയ ബ്രിട്ടിഷ് ജനതയ്ക്കായി പുതിയ സർക്കാർ കരുതി വയ്ക്കുന്നത് എന്തെല്ലാമെന്ന് ഇന്നറിയാം. രാജാവിന്റെ നയപ്രഖ്യാപനത്തിന് കാതോർക്കുകയാണ് ബ്രിട്ടൻ. വരും ദിവസങ്ങളിൽ പാർലനെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന മുപ്പതിലേറെ പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും പ്രഖ്യാപനങ്ങളും ചാൾസ് രാജാവിന്റെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അനധികൃത കുടുയേറ്റക്കാരെ റുവാണ്ടയിലേക്ക് കയറ്റി അയയ്ക്കാനുള്ള മുൻ സർക്കാരിന്റെ തീരുമാനം ഇതിനോടകം റദ്ദാക്കിയ സർക്കാർ നടപടി ശരിവച്ചും ഇതിനു പകരം അനധികൃത കുടിയേറ്റം തടയാൻ ഫലപ്രദമായ നടപടികൾ പ്രഖ്യാപിച്ചുമാകും രാജാവിന്റെ പ്രസംഗം. ഇംഗ്ലിഷ് ചാനലിലൂടെയുള്ള അനധികൃത ബോട്ടുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് പൊലീസിനും ബോർഡർ ഫോഴ്സിനും കൂടുതൽ അധികാരങ്ങളും സൗകര്യങ്ങളും ഒരുക്കുന്ന നിർദേശങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകും.
ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം നൂറു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നിർദേശങ്ങളുണ്ടാകും. സീറോ അവർ കോൺട്രാക്ട്, ജിവനക്കാരുടെ പിരിച്ചുവിടൽ, സിക്ക് പേമെന്റ്, പേരന്റ് ലീവ് തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിന്റെ നയം ഇന്നറിയാം.
സ്കോട്ട്ലൻഡ് ആസ്ഥാനമായി സർക്കാർ ഉടമസ്ഥതയിലുള്ള ജി.ബി എനർജി കമ്പനി സ്ഥാപിക്കുന്നതു സംബന്ധിച്ച നിർണായക പ്രഖ്യാപനമാകും മറ്റൊന്ന്. പാരമ്പര്യേതര ഊർജവിഭവങ്ങളുടെ സമാഹരണവും വിതരണവും ലക്ഷ്യമിട്ടുള്ള ഈ കമ്പനിയുടെ പിറവി എനർജി കമ്പനികളുടെ ചൂഷണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
ഹൗസിങ്, റെയിൽവേ നാഷനലൈസേഷൻ, തുടങ്ങിയ നിർണായക വിഷയങ്ങളിൽ പുതിയ നിയമനിർമാണത്തിനുള്ള നിർദേശങ്ങളുണ്ടാകും. വിദ്യാഭ്യാസം, ഓൺലൈൻ സേഫ്റ്റി എന്നീ രംഗങ്ങളിലും പുതിയ പദ്ധതികളും നിയമ പരിഷ്കാരണങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല