സ്വന്തം ലേഖകന്‍: ഒരു അഭയാര്‍ഥി കുടുംബത്തെ ഏറ്റെടുക്കാന്‍ യൂറോപ്പിലെ ഓരോ ഇടവകയോടും സന്യാസി മഠങ്ങളോടും മാര്‍പ്പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ ഇടവകകള്‍ ഇതിന് തുടക്കമിടുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ രണ്ടു തട്ടിലാക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്.
യൂറോപ്പിലെ പതിനായിരക്കണക്കിന് ഇടവകകള്‍ക്ക് സഭാതലവന് നല്കിയ നിര്‍ദേശം ഒട്ടേറെ അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് തുണയാവും. ഓരോ സന്യാസി മഠങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി. ഇറ്റലിയില്‍ മാത്രം 25,000 കത്തോലിക്ക ഇടവകകളാണുള്ളത്. ജര്‍മനിയില്‍ പന്ത്രണ്ടായിരവും. അഭയാര്‍ഥി സംരക്ഷണത്തിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ബിഷപ്പുമാര്‍ മുന്‍കൈയെടുക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
പാവപ്പെട്ടവനും അനാഥനും അഭയം നല്‍കുക എന്ന സുവിശേഷം പ്രായോഗികമാക്കണമെന്ന് അദ്ദേഹം ഒര്മിപ്പിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് മൂന്നു ലക്ഷത്തിലധികം ജനങ്ങളാണ് അഭയം തേടി യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല