1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

മുന്‍പ് കണക്കുകൂട്ടിയതിലും കൂടുതലാണ് ബ്രിട്ടനിലെ പല ഭാഗത്തേയും കുടിയേറ്റക്കാരുടെ എണ്ണമെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ചില പ്രദേശങ്ങളില്‍ നേരത്തെ കരുതിയിരുന്നതിലും മൂന്ന് ഇരട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം. ലങ്കാഷെയറിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയിരിക്കുന്നത്. മുന്‍പ് എടുത്തിരുന്ന കണക്കുകളേക്കാളും മൂന്നിരിട്ടി കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹെര്‍ഫോര്‍ഡ്‌ഷെയറിലും ലണ്ടനിലും കുടിയേറ്റക്കാരുടെ എണ്ണം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് പുതുക്കിയ കണക്കുകകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് ലണ്ടനിലെ ജനസംഖ്യ വര്‍ദ്ധിച്ചത് 130,000 ആണ്. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേതിനേക്കാള്‍ 16 ശതമാനം വര്‍ദ്ധിച്ച് 950,000 ആയി. ലങ്കാഷെയറിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് ഇവിടുത്തെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു. 7500 പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാല്‍ കണക്കെടുത്ത രീതിക്ക് അനുസരിച്ചാണ് ചില മേഖലകളില്‍ കൂടുതല്‍ കുടിയേറ്റക്കാരുടെ കണക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്.മറ്റ് പല കൗണ്‍സിലുകളിലും കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. കേംബ്രിഡ്ജ്, നോര്‍വിച്ച്, ഡര്‍ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്.
എയര്‍പോര്‍ട്ടിലോ തുറുമുഖത്തോ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കുന്നത്. ജീവിക്കാനോ, പഠിക്കാനോ, ജോലിചെയ്യാനോ ആയി രാജ്യത്തെത്തുന്നവര്‍ക്കാണ് ചോദ്യാവലി നല്‍കുന്നത്. എന്നാല്‍ പുതുതായി എത്തുന്നവര്‍ രാജ്യത്തെ താമസം എന്നതിനെ പല രീതിയില്‍ കാണുന്നതാണ് ശരിയായ കണക്ക് ലഭിക്കാതിരിക്കാന്‍ കാരണം. കുടിയേറ്റക്കാരുടെ പ്രായം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുത്താണ് ഓഎന്‍എസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ചിരുന്നത്. ഇത് അനുസരിച്ച് കുടിയേറ്റക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസം, ആനുകൂല്യം, ആരോഗ്യം എന്നി രജിസ്റ്ററുകളില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്.

കിഴക്കന്‍ ലണ്ടനിലെ ന്യൂഹാമിലാണ് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 102 ശതമാനത്തിന്റെ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.എന്നാല്‍ ഹെര്‍ഫോര്‍ഡ് ഷെയറില്‍ 180 ശതമാനവും ഐയ്‌ലസ്ബറി വെയിലില്‍ 104 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി. ഇത് റിക്കോര്‍ഡ് വര്‍ദ്ധനവ് ആണ്. എന്നാല്‍ 2006 മുതല്‍ 2010വരെയുളള വാര്‍ഷിക കണക്ക് നോക്കുകയാണങ്കില്‍ യൂകെയിലെ മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 0.4 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ലണ്ടനില്‍ മാത്രം കഴിഞ്ഞ വര്‍ഷം എത്തിയത് 130,000 ആളുകളാണ്. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലണ്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം ഒരു മില്യണായി ഉയര്‍ന്നു. എന്നാല്‍ ഓഎന്‍എസിന്റെ പുതിയ കണക്കുകള്‍ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ലോക്കല്‍ ഫണ്ടിങ്ങിനെ ഇത് ബാധിക്കുകയില്ല. കൂടുതല്‍ കൃത്യമായ ജനസംഖ്യാ കണക്ക് അടുത്തിടെ നടക്കുന്ന സെന്‍സസിലൂടെ ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അറിയാനാകൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.