1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2019

സ്വന്തം ലേഖകൻ: പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കര്‍ നാന്‍സി പെലോസി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശരാജ്യത്തിന്റെ സഹായം തേടിയതിന്റെ പേരിലാണ് ട്രംപിനെതിരെ യുഎസ് പ്രതിനിധിസഭ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങുന്നത്.

പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് വിജയത്തിനായി വിദേശ രാജ്യത്തിന്റ സഹായം തേടിയെന്നാണ് ട്രംപിനെതിരായ ആരോപണം. താന്‍ വഹിക്കുന്ന സ്ഥാനത്തോട് കാട്ടുന്ന വിശ്വാസവഞ്ചനയാണിതെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും അദ്ദേഹത്തിന്റെ മകന്‍ ഹണ്ടര്‍ ബൈഡനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു എന്നതാണ് ട്രംപിനെതിരായ ആരോപണം. ഇതിനു പകരമായി, ഉക്രൈന് 400 ദശലക്ഷം യുഎസ് ഡോളര്‍ സൈനിക സഹായം വാഗ്ദാനം ചെയ്‌തെന്നും പരാതിയുണ്ട്.

ഒരു അമേരിക്കന്‍ വിസില്‍ബ്ലോവര്‍ ആണ് ട്രംപ് നടത്തിയ ഇത്തരമൊരു നീക്കത്തെക്കുറിച്ച് പരാതിപ്പെട്ടത്. ഇതോടെ സംഭവം വിവാദമാവുകയും ഡെമോക്രാറ്റുകള്‍ വിഷയം ഏറ്റെടുക്കുകയുമായിരുന്നു. രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള രാഷ്ട്രീയ എതിരാളിയെ നേരിടുന്നതിന് വിദേശ ശക്തികളുടെ സഹായം തേടിയത് ഗുരുതരമായ അധികാര ദുരുപയോഗമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

അതേസമയം, തന്നെ മനഃപൂര്‍വം വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്‌മെന്റ് നടപടികള്‍ക്കൊരുങ്ങുന്നതെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഉക്രൈന്‍ പ്രസിഡന്റുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.