സ്വന്തം ലേഖകൻ: മണിപ്പുരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് മുകളില്‍ ‘അജ്ഞാത പറക്കുംവസ്തു’ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് തിരച്ചില്‍ നടത്തി. വിവരം ലഭിച്ച ഉടനെ റഫാല്‍ ജെറ്റ് അയച്ചതായി സൈനികവൃത്തം വ്യക്തമാക്കിയതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
നൂതന സെന്‍സറുകള്‍ സ്ഥാപിച്ച റഫാല്‍ വിമാനം പ്രദേശത്ത് താഴ്ന്നുപറന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ വിമാനം മടങ്ങിയെത്തിയതിന് ശേഷം മറ്റൊരു വിമാനംകൂടി അയച്ച് പരിശോധന നടത്തി. റണ്‍വേയ്ക്ക് മുകളിലെത്തിയ അജ്ഞാത പറക്കുംവസ്തുവിന്റെ വീഡിയോ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30-ഓടെയാണ് റണ്‍വേയ്ക്ക് മുകളില്‍ ‘അജ്ഞാത പറക്കുംവസ്തു’ കണ്ടെത്തിയത്. ഇത് ഒരു ഡ്രോൺ ആണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവത്തെ തുടർന്ന് ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
വ്യോമസേന വിമാനത്താവളത്തിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍ ഡിഫന്‍സ് റെസ്പോണ്‍സ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതായി ഇസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അജ്ഞാതവസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും കണ്ടത് ഡ്രോണ്‍ ആണെന്ന് ഇംഫാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചിപേമ്മി കൈഷിങ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല