സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പണി തുടങ്ങി; ഉന്നതരുടെ സര്‍ക്കാര്‍ ചെലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്. പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍ എന്നിങ്ങനെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന ഉന്നതര്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിലക്ക്.
ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനം. സൈനിക മേധാവി അടക്കം എല്ലാവര്‍ക്കും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനേ അനുമതിയുള്ളുവെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. 5,100 കോടി രൂപയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയേഗിച്ച് ചിലവാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നത് ഇമ്രാന്‍ ഖാന്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തിദിനം ആഴ്ചയില്‍ ആറാക്കി ഉയര്‍ത്തിയിരുന്നെങ്കിലും ചില മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല