സ്വന്തം ലേഖകൻ: വാക്സിന് കുത്തിവെപ്പെടുത്ത് രണ്ട് ദിവസത്തിന് ശേഷം പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഇംറാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ചയാണ് ഇംറാൻ ചൈന വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 68കാരനായ ഇംറാൻ കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ഇസ്ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. മാസ്ക് അണിയാതെയാണ് അദ്ദേഹം വെള്ളിയാഴ്ച പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി ഉദ്ഘാടനത്തിലടക്കം പങ്കെടുത്തതെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
പാകിസ്താനിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ആകെ കോവിഡ് രോഗികളുടെ എണ്ണം 6.15 ലക്ഷം കടന്നു. 13,700 പേരാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്. കോവിഡ് ബാധിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് നരേന്ദ്ര മോദി സന്ദേശം പങ്കുവെച്ചിരിക്കുന്നത്
ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചത് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിനും കുരുക്കായി. കഴിഞ്ഞ ദിവസം പാകിസ്താൻ സന്ദർശിച്ച അദ്ദേഹം ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമ്രാന്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഡോ. അഹ്മദ് നാസർ അസ്സബാഹ് ക്വാറൻറീനിൽ പ്രവേശിച്ചു. അദ്ദേഹത്തോടൊപ്പം, ഇന്ത്യ, പാകിസ്താൻ പര്യടനത്തിന് പോയ കുവൈത്തി നയതന്ത്ര പ്രതിനിധികളും ക്വാറൻറീനിലാണ്. ശനിയാഴ്ചയാണ് സംഘം കുവൈത്തിൽ തിരിച്ചെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല