സ്വന്തം ലേഖകന്‍: ഇമ്രാന് ഖാന് അത്ര മഹാമനസ്ക്കനാണെങ്കില്‍ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് സുഷമ സ്വരാജ്; ഇനി സംസാരമില്ല, നടപടി മാത്രമെന്നും മുന്നറിയിപ്പ്. പാക്അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ എന്തിനാണ് പാക് സൈന്യം ബാലാകോട്ടില്‍ ആക്രമണം നടത്തിയതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഭീകരരെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാന് പൊള്ളുന്നത് എന്തിനാണെന്നും സുഷമ ചോദിച്ചു.
‘ജെയ്ഷെ മുഹമ്മദിനെ ഇന്ത്യ ആക്രമിച്ചപ്പോള്‍ അതിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കുന്നത് എന്തിനാണ്? നിങ്ങളുടെ മണ്ണില്‍ ജെയ്ഷെ മുഹമ്മദിനെ വളരാന്‍ അനുവദിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്. അവര്‍ക്ക് ഫണ്ട് ചെയ്യുന്നു. അവരുടെ ആക്രമണത്തിന് ഇരയായവര്‍ തിരിച്ചടിക്കുമ്പോള്‍ അവരെ നിങ്ങള്‍ ആക്രമിക്കുന്നു. പാക് പ്രധാമന്ത്രി മികച്ച ഭരണാധികാരിയാണെന്ന് പലരും പറയുന്നു. അദ്ദേഹം അത്ര വലിയ ഉദാരമനസ്ക്കനാണെങ്കില്‍ അദ്ദേഹം മസൂദ് അസറിന് ഇന്ത്യയ്ക്ക് തന്നെ തിരിച്ചു തരണം. ഞങ്ങളും കൂടി കാണട്ടെ അദ്ദേഹത്തിന്റെ മഹാമനസ്കത,’ സുഷ്മ സ്വരാജ് പറഞ്ഞു.
പാക്കിസ്ഥാന് ഐ.എസ്.ഐയേയും അവരുടെ ആര്‍മിയേയും നിയന്ത്രിക്കേണ്ടതുണ്ട്. ഇരുകൂട്ടരും ചേര്‍ന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും വീണ്ടും ഇല്ലാതാക്കുകയാണെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് സംസാരവും തീവ്രവാദവും ഒരുമിച്ച് മുന്നോട്ടുപോകില്ലെന്നായിരുന്നു സുഷമ സ്വരാജ് പ്രതികരിച്ചത്.
ഞങ്ങള്‍ ഇനി തീവ്രവാദത്തെ കുറിച്ച് സംസാരിക്കാനില്ല. തീവ്രവാദത്തിനെതിരെ നടപടിയാണ് ഞങ്ങള്‍ എടുക്കാന്‍ പോകുന്നത്. പാക്കിസ്ഥാന് അവരുടെ മണ്ണില്‍ നിന്ന് തീവ്രവാദത്തെ എന്ന് വേരോടെ അറുത്ത് മാറ്റുന്നുവോ അന്ന് മുതല്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിക്കുമെന്നും സുഷമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല