സ്വന്തം ലേഖകന്‍: രാജ്യം കടക്കെണിയിയിലെങ്കില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കറങ്ങുന്നതെന്തിന്? പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മാധ്യമങ്ങളുടെ ചോദ്യം. ചെലവ് ചുരുക്കലിനേപ്പറ്റി പറയുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ദിവസേനയുള്ള ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിക്കുകയാണ് പാക് മാധ്യമങ്ങള്‍. കടബാധ്യത കുറയ്ക്കാനായി സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുമ്പോഴും പ്രധാനമന്ത്രി ദിവസേന ഓഫീസിലേക്കും തിരിച്ചും ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതാണ് വിമര്‍ശനത്തിന് കാരണം.
ഇതിന് മറുപടിയുമായി ചാനല്‍ ചര്‍ച്ചയില്‍ വന്ന വാര്‍ത്താവിതരണ മന്ത്രി ചൗദ്രി ഹെലികോപ്റ്റര്‍ യാത്ര വാഹനവ്യൂഹവുമായുള്ള യാത്രയേക്കാള്‍ ചെലവ് കുറഞ്ഞതാണെന്നും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് കിലോമീറ്ററിന് ഏകദേശം 50 പാകിസ്താന്‍ രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും വാദിച്ചു. എങ്കില്‍ ബസ് സര്‍വീസിന് പകരം ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചുകൂടെ എന്നായിരുന്നു ടിവി അവതാരകന്റെ പരിഹാസം.
എന്നാല്‍ ഇമ്രാന്‍ ഖാന്റെ യാത്രയ്ക്ക് ഓരോ മണിക്കൂറിലും ഏതാണ്ട് രണ്ട് ലക്ഷം പാകിസ്താന്‍ രൂപ ചെവവ് വരുന്നുണ്ടെന്നാണ് പാകിസ്താന്‍ വ്യോമ സുരക്ഷാ ഏജന്‍സി പ്രസിഡന്റ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ഇന്ധനം, പരിപാലനം, ജീവനക്കാര്‍ക്കുള്ള വേതനം എന്നിവ ഉള്‍പ്പെടെയാണിത്.
അതേസമയം സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്തതില്‍ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് മൊഹമ്മദ് ആസിഫ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തില്‍ കിട്ടിയത് ഏകദേശം 20 കോടി പാകിസ്താന്‍ രൂപയാണെന്നും ഇത് പ്രതീക്ഷിച്ചതിന്റെ പത്തില്‍ ഒന്ന് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല