സ്വന്തം ലേഖകൻ: ഒരിടവേളയ്ക്ക് ശേഷം ഇസ്‌ലമാബാദിലെ ഡി ചൗക്ക് വലിയ പ്രതിഷേധ റാലിയെ അഭിമുഖീകരിച്ച ദിവസമായിരുന്നു കഴിഞ്ഞുപോയത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജയില്‍മോചനം ലക്ഷ്യമിട്ട് പി.ടി.ഐ (പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ്) നടത്തിയ റാലിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഒരു സ്ത്രീ ശബ്ദം അവിടെ ഉയര്‍ന്ന് കേട്ടു. അത് ഇമ്രാന്‍ഖാന്റെ മൂന്നാംഭാര്യ ബുഷ്‌റ ബീബിയുടേതായിരുന്നു.
ആദ്യമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അവര്‍ ഇങ്ങനെ പറഞ്ഞു: ഇത് കേവലം എന്റെ ഭര്‍ത്താവിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, രാജ്യത്തിന്റെ ഭാവിക്ക് കൂടിയുള്ള പോരാട്ടമാണ്- വന്‍ കരഘോഷത്തോടെ ഏറ്റെടുത്ത ബുഷ്‌റ ബീബിയുടെ പ്രസംഗത്തിന് ശേഷം ഉയര്‍ന്നുകേട്ടത് ഒരു ചോദ്യമായിരുന്നു. ബുഷ്‌റയുടേത് പാകിസ്താനില്‍ മറ്റൊരു വനിതാ രാഷ്ട്രീയ നേതാവിന്റെ ഉദയമാണോ? ഡി.ചൗക്കിലെ പ്രക്ഷോഭത്തിന് ശേഷം ബുഷ്‌റ ബീബി സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും ഇമ്രാന്റെ പാത പിന്തുടര്‍ന്ന് അവര്‍ പി.ടി.ഐ.യെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനിടെ, സൂഫി പാതയില്‍നിന്ന് പോരാട്ട പാതയിലെത്തിയ ബുഷ്‌റയുടെ പശ്ചാത്തലം പ്രധാന ചര്‍ച്ചയാവുന്നുമുണ്ട്. ഇമ്രാന്‍ഖാന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് പി.ടി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം ഈ ആഴ്ച ആദ്യമാണ് ബുഷ്‌റ ബീബി ഇസ്‌ലമാബാദിലെത്തിയത്. റാലിയെ നേരിടാന്‍ വന്‍ പോലീസ് സന്നാഹങ്ങളെ സര്‍ക്കാര്‍ ഒരുക്കി നിര്‍ത്തിയെങ്കിലും ഇതിനെയെല്ലാം മറികടന്നുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഡി.ചൗക്കിലെ പ്രസംഗം. വലിയ കണ്ടെയ്‌നര്‍ ബാരിക്കേഡിനെ പോലും സമരക്കാര്‍ മറികടന്നു. ഇമ്രാൻ ഖാന്‍ നമുക്കിടയില്‍ എത്തുന്നതുവരെ ഡി-ചൗക്ക് വിടില്ലെന്ന് നിങ്ങള്‍ എല്ലാവരും ഉറപ്പുനല്‍കണമെന്ന് പറഞ്ഞ് ബുഷ്‌റ തുടങ്ങിയ പ്രസംഗം വന്‍ ആരവത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
വലിയ സുഫി പാരമ്പര്യമുള്ള പാക് പഞ്ചാബിലെ കുടുംബത്തില്‍ നിന്നാണ് ബുഷ്‌റ മനേഖയെന്ന യുവതി 2018-ല്‍ ഇമ്രാന്‍ഖാനെ വിവാഹം ചെയ്ത് ബുഷ്‌റ ബീബിയായി മാറുന്നത്. ഇമ്രാന്റെ മൂന്നാം വിവാഹവും ബുഷ്‌റയുടെ രണ്ടാം വിവാഹവുമാണ്. തന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തുന്നതിന് മുന്‍പുതന്നെ ഇമ്രാനെ വിവാഹം ചെയ്തതിനേത്തുടര്‍ന്നുണ്ടായ നിയമപ്രശ്‌നമെല്ലാം കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്.
സൂഫി പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുവന്ന, ആത്മീയ പശ്ചാത്തലമുള്ള വനിതയെന്ന നിലയില്‍ ബുഷ്‌റയ്ക്ക് നേരത്തെ തന്നെ ലഭിച്ച വലിയ സ്വീകാര്യത രാഷ്ട്രീയത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പ്രവേശനമെന്നും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെയായിരുന്നു സമരനിരയിൽ അവർക്ക് വലിയ സ്വീകാര്യത ലഭിച്ചതും. ഇമ്രാന്‍ഖാന്റെ ആവശ്യപ്രകാരമാണ് ബുഷ്‌റ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതെന്ന വാദവും ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല