സ്വന്തം ലേഖകന്‍: പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലില്‍ ഇവരെയും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുക എന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി.
പാകിസ്താന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യന്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നുവെന്ന് പാക് പത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്റെ കറന്റ് അക്കൗണ്ട് കമ്മി 18 ബില്ല്യന്‍ ഡോളറാണ്. വിദേശ കറന്‍സി കരുതല്‍ ശേഖരം 10 ബില്ല്യണ്‍ ഡോളര്‍ മാത്രവും. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടണോ അതോ ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കുക എന്നതാണ് ഇമ്രാന്‍ഖാന്‍ ആദ്യം നേരിടുന്ന പ്രധാന പരീക്ഷണം.
സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇമ്രാന്‍ ഖാന്‍ തന്നെ നേതൃത്വം നല്‍കുന്ന 18 അംഗ സാമ്പത്തിക ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരായിരിക്കും മറ്റു പതിനൊന്നംഗങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നാണ്. ഇതില്‍ മൂന്ന് വിദേശ സാമ്പത്തിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല