സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണമുള്ളതായി ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആണ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദേശകാര്യ സെക്രട്ടറിയുമായി പി.ടി.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ആമിര്‍ഖാനെയും കപില്‍ദേവിനെയും ഗവാസ്‌കറെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാന്‍ പി.ടി.ഐ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍, വിദേശ രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുകയെന്നത് ഗൗരവമേറിയ വിഷയമാണെന്നും എല്ലാ വശങ്ങളും പരിഗണിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കാന്‍ കഴിയൂ എന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി നിരസിച്ചാല്‍ പാകിസ്താന് അത് കനത്ത തിരിച്ചടിയാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം കരുതുന്നതെന്ന് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പാകിസ്താനില്‍ ജൂലായ് 25 ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയംനേടിയ പി.ടി.ഐ പാകിസ്താനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. സ്വതന്ത്രരുടെയും മറ്റുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ഇമ്രാന്‍ ഖാന്റെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല