സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ. ഇസ്‌ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലും ഇമ്രാൻ ഖാനെ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
മുൻ ഭര്‍ത്താവിൽനിന്ന് വിവാഹമോചനം നേടിയ ബുഷറ, ഇസ്‌ലാമിക നിയമപ്രകാരം അടുത്ത വിവാഹത്തിനുള്ള കാലയളവ് പൂർത്തീകരിച്ചില്ലെന്നാണ് കേസ്. 2018 ജനുവരിയിൽ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഇമ്രാൻ ഖാനെതിരെ ഇതു നാലാമത്തെ ശിക്ഷാവിധിയാണ്. അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ, തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 5 വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും മറ്റു കേസുകളുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടയച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല