സ്വന്തം ലേഖകൻ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ തുടക്കമായി.
ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. 10 ദിവസം നീളുന്ന ആഘോഷത്തിനാണ് തുടക്കമായത്. ഇന്നലെ ദര്‍ബ് അല്‍ സായിയിലെ പ്രധാന സ്‌ക്വയറില്‍ രാജ്യത്തിന്‌റെ ദേശീയ പതാകയായ ‘അല്‍ അദാം’ ഉയര്‍ത്തി സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്. ദേശീയ ഗാനാലാപനവും പരമ്പരാഗത വാള്‍ നൃത്തവും ഒക്കെയായി സാംസ്‌കാരിക തനിമയില്‍ തന്നെയാണ് പതാക ഉയര്‍ത്തല്‍ നടന്നത്. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ മികച്ച ജനപങ്കാളിത്തമാണ് ആദ്യ ദിനത്തില്‍ ഉണ്ടായിരുന്നത്.
10 ദിവസത്തെ ദേശീയ ദിനാഘോഷം 18ന് സമാപിക്കും. 15 പ്രധാന ഇവന്‌റുകള്‍ക്കു പുറമെ 104 വ്യത്യസ്ത പരിപാടികളാണ് ദര്‍ബ് അല്‍ സായിയില്‍ നടക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ള ഒട്ടേറെ സ്ഥാപനങ്ങളും ഏജന്‍സികളും ദര്‍ബ് അല്‍ സായിയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ബോധവല്‍ക്കരണ പവിലിയനുകള്‍ക്ക് പുറമെ പരമ്പരാഗത ശൈലിയിലുള്ള ഖത്തരി വീട്, പ്രധാന തീയറ്റര്‍, കലാ വീഥി, ബിദ് അഹ് ഇവന്‌റ്, മക്തര്‍, പപ്പറ്റ് തിയറ്റര്‍, ഡെസേര്‍ട്ട് മ്യൂസിയം തുടങ്ങി സാംസ്‌കാരിക, കലാ, പൈതൃക, വിദ്യാഭ്യാസ കാഴ്ചകളും പരിപാടികളുമാണ് ഇനിയുള്ള ദിവസങ്ങളില്‍ ദര്‍ബ് അല്‍ സായിയില്‍ നടക്കുന്നത്.
പ്രധാന തീയറ്ററില്‍ കവിതാ സായാഹ്നം, മത, സാംസ്‌കാരിക, കലാ സിംപോസിയങ്ങള്‍, നാടകാവിഷ്‌കാരങ്ങള്‍ എന്നിവയാണ് നടക്കുക. കുട്ടികള്‍ക്കായി പ്രത്യേക നാടകാവതരണം, കുട്ടികളുടെ സംഗീത പരിപാടി എന്നിവയും ഉണ്ടാകും. ഖത്തര്‍ സര്‍വകലാശാല അലുംനൈ അസോസിയേഷന്‌റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികളും നടക്കും.
ദിവസവും ഉച്ചയ്ക്ക് 3.00 മുതല്‍ രാത്രി 11.00 വരെയാണ് പൊതുജനങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയിലേക്ക് പ്രവേശനം. രാജ്യത്തിന്‌റെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം പ്രത്യേകമായി നിര്‍മിച്ച ഇടമാണിത്. സന്ദര്‍ശകര്‍ക്കായി 80 വില്‍പന ശാലകളും 30 റസ്റ്ററന്റുകളും കഫേകളും ഇവിടെയുണ്ട്. കൂടാതെ 5 നാടന്‍ ഗെയിമുകളും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല