സ്വന്തം ലേഖകൻ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യുഡിഎഫ് സര്‍ക്കാരിനേയോ മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന്‍ തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെയും പേരെടുത്ത് പറഞ്ഞ് പ്രശംസിക്കാനും മറന്നില്ല.
അതേസമയം മന്ത്രി വി എന്‍ വാസവനും അദാനി പോർട്സ് ആൻഡ‍് ഇക്കണോമിക് സോൺ സിഇഒ കരണ്‍ അദാനിയും എ വിന്‍സെന്റ് എംഎൽഎയും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.
വിഴിഞ്ഞം തുറമുഖത്തിന്റെ വേണ്ടി പ്രയത്നിച്ച യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾക്ക് നന്ദി പറഞ്ഞ് കരൺ അദാനി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവനന്തപുരം എം പി ശശി തരൂർ എന്നിവർക്ക് കരൺ അദാനി നന്ദി പറഞ്ഞു.
തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നന്ദി പറയുകയാണെന്ന് പറഞ്ഞ കരൺ അദാനി, പദ്ധതി യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന പിണറായി വിജയനും സർബാനന്ദ സോനോവാളിനും നന്ദിയറിയിച്ചു.
അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
2011-ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് തുറമുഖം യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. തുടര്‍ന്ന് ഏറെ രാഷ്ട്രീയ ആരോപണങ്ങളും സര്‍ക്കാര്‍ നേരിടേണ്ടിവന്നു. തുറമുഖത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുകയെന്നതായിരുന്നു ഈ സര്‍ക്കാര്‍ നേരിട്ട ആദ്യ വെല്ലുവിളി. പിന്നീട് ടെന്‍ഡര്‍ വിളിച്ചെങ്കിലും സഹകരിക്കാന്‍ കമ്പനികള്‍ വിമുഖത കാട്ടി.
ഒടുവില്‍ അദാനി പോര്‍ട്സിനെ കണ്ട് തുറമുഖത്തിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്തി ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുപ്പിക്കുകയായിരുന്നു. എന്നാല്‍, എന്‍.ഡി.എ. സര്‍ക്കാരിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന അദാനിക്ക് കേരളത്തിന്റെ ഒരു പദ്ധതി നല്‍കുന്നതില്‍ യു.പി.എ.യില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നു.
എന്നാല്‍, ശശി തരൂരും ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയെ നേരിട്ടുകണ്ട് വികസനസാധ്യതകള്‍ ബോധ്യപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ അനുമതി നേടിയെടുത്തത്. നിര്‍മാണം തുടങ്ങി 1460 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരുന്നു. 2015 ഡിസംബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദാനി ഗ്രൂപ്പിന് അനുകൂലമായ വ്യവസ്ഥകളുള്‍പ്പെടുത്തിയാണ് കരാര്‍ ഉണ്ടാക്കിയതെന്നു കാട്ടി ഇടതുപക്ഷം ശക്തമായ സമരപരിപാടികളും നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല