1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2024

സ്വന്തം ലേഖകൻ: റിയാദ് മെട്രോ സര്‍വീസ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ പുതിയ പൊതുഗതാഗത സംവിധാനത്തിലേക്ക് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും താങ്ങാനാവുന്ന വിലയുമായി അധികൃതര്‍. സ്റ്റാന്‍ഡേര്‍ഡ് ക്ലാസിന് നാല് റിയാല്‍ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കാണ് റിയാദ് മെട്രോ പ്രഖ്യാപിച്ചത്.

പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് ഓപ്ഷനുകള്‍ ലഭ്യമാണ്. മെട്രോ, ബസ് ശൃംഖലകളിലുടനീളം ഹ്രസ്വകാല, അണ്‍ലിമിറ്റഡ് ട്രിപ്പ് പാസുകള്‍ ഉപയോഗിക്കാനാവും. തടസ്സങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ദര്‍ബ് ആപ്പ് വഴി മാത്രം ടിക്കറ്റുകള്‍ വാങ്ങാം.

റിയാദ് മെട്രോയുടെ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് നിരക്കുകള്‍ ചുവടെ

രണ്ട് മണിക്കൂര്‍ പാസ്: 4 റിയാല്‍
മൂന്ന് ദിവസത്തെ പാസ്: 20റിയാല്‍
ഏഴ് ദിവസത്തെ പാസ്: 40 റിയാല്‍
മുപ്പത് ദിവസത്തെ പാസ്: 140 റിയാല്‍

ഫസ്റ്റ് ക്ലാസ് നിരക്കുകള്‍ ചുവടെ:
രണ്ട് മണിക്കൂര്‍ പാസ്: 10 റിയാല്‍
മൂന്ന് ദിവസത്തെ പാസ്: 50 റിയാല്‍
ഏഴ് ദിവസത്തെ പാസ്: 100 റിയാല്‍
മുപ്പത് ദിവസത്തെ പാസ്: 350 റിയാല്‍

നവംബര്‍ 27ന് സൗദി രാജാവ് സല്‍മാന്‍ ഉദ്ഘാടനം ചെയ്ത റിയാദ് മെട്രോ തലസ്ഥാന നഗരിയായ റിയാദിന്റെ പൊതുഗതാഗതത്തില്‍ സുപ്രധാന ചുവടുവയ്പ്പാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറ് ലൈനുകളിലായി 176 കിലോമീറ്റര്‍ നീളുന്ന റിയാദ് മെട്രോ, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, എസ്ടിസി, ഖസര്‍ അല്‍ ഹുക്ം, വെസ്റ്റേണ്‍ സ്റ്റേഷന്‍ തുടങ്ങിയ പ്രമുഖ ഹബ്ബുകള്‍ ഉള്‍പ്പെടെ 85 സ്റ്റേഷനുകള്‍ ഉണ്ട്.

പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കും. ബ്ലൂ ലൈന്‍ (1), യെല്ലോ ലൈന്‍ (4), പര്‍പ്പിള്‍ ലൈന്‍ (6) എന്നിവ ഡിസംബര്‍ 1ന് തുറക്കും, തുടര്‍ന്ന് റെഡ് ലൈന്‍ (2), ഗ്രീന്‍ ലൈന്‍ (5) ഡിസംബര്‍ 15ന് തുറക്കും. ഓറഞ്ച് ലൈന്‍ (3) 2025 ജനുവരി 5ന് സര്‍വീസ് നടത്തും.

റിയാദ് ബസ് പദ്ധതിയുമായി സംയോജിപ്പിച്ച് മെട്രോ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും നഗര ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും പാരിസ്ഥിതിക ബോധമുള്ള നഗരവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ വിശാലമായ വിഷന്‍ 2030 ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് സുസ്ഥിരമായ വളര്‍ച്ചയ്ക്കായുള്ള റിയാദിന്റെ കാഴ്ചപ്പാടിന്റെ മൂലക്കല്ലാണ് ഈ സംരംഭമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.