സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാന്‍ഡോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.
കൊളംബോ, സിംഗപ്പൂർ, പോർട്ട് കെലാങ്, സലാല തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴി 2019–20 ൽ ഇന്ത്യയിലേക്ക് എത്തിയ കണ്ടെയ്നറുകളുടെ എണ്ണം 29.3 ലക്ഷമാണ്. രാജ്യാന്തര തുറമുഖം തുറക്കുന്നതോടെ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് വലിയൊരളവു വരെ വിഴിഞ്ഞത്തിന് ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയും. വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നൽകാൻ കേന്ദ്രസർക്കാർ മുന്നോട്ടു വച്ച നിർദേശങ്ങളിലൊന്നാണ് കുറഞ്ഞ കാർഗോ കൈകാര്യ നിരക്ക് . ഇതു മറ്റു പല തുറമുഖങ്ങളെ അപേക്ഷിച്ചു കുറവായതിനാൽ ട്രാൻസ്ഷിപ്മെന്റിനു വിഴിഞ്ഞത്തെ തിരഞ്ഞെടുക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കു പ്രചോദനമാകും.
ആയിരക്കണക്കിനു തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ടു മാത്രമല്ല, വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകൾ തുറക്കും. മത്സ്യബന്ധന, അനുബന്ധ തൊഴിൽ മേഖലകൾ വളരും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സീഫുഡ് പാർക്ക് മത്സ്യ സംസ്കരണ മേഖലയിലെ വളർച്ചയ്ക്കു സഹായകമാകും. തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾക്കായി അഡീഷനൽ സ്കിൽ അക്വീസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി അദാനി സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിഴിഞ്ഞത്ത് ആരംഭിച്ച സ്കിൽ സെന്റർ തുറമുഖ അധിഷ്ഠിത തൊഴിലുകളിൽ പരിശീലനം നൽകുന്നുണ്ട്.
കിഴക്കൻ ഏഷ്യയെയും യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ പാതയോട് ഏറ്റവും അടുത്തുള്ള (18.5 കിലോമീറ്റർ), ഏറ്റവും ആഴമേറിയ (20 മീറ്റർ) സ്വാഭാവിക തുറമുഖമാണ് വിഴിഞ്ഞം. കൊളംബോ തുറമുഖത്തേക്ക് 90 കിലോമീറ്ററും സിംഗപ്പൂരിലേക്ക് 100 കിലോമീറ്ററും ദുബായിലേക്ക് 1500 കിലോമീറ്ററുമാണ് രാജ്യാന്തര കപ്പൽ പാതയിൽ നിന്നുള്ള അകലം. ഇവിടെയെല്ലാം തുറമുഖത്തിന്റെ ശരാശരി സ്വാഭാവിക ആഴം 14.5 മീറ്റർ ആണ്. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് വിഴിഞ്ഞത്ത് എത്തിച്ചേരാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല