സ്വന്തം ലേഖകന്‍: യു.എ.ഇ.യില്‍ കൂടുതല്‍ സമ്പാദിക്കുന്നവരുടേയും പണം ചെലവഴിക്കുന്നവരുടേയും എണ്ണത്തില്‍ വര്‍ധനവ്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ട 2016 ലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 182.7 ബില്യന്‍ ഡോളറാണ് മൊത്തത്തില്‍ യുഎഇ വിപണിയില്‍ പൊടിച്ചത്. ഈ വര്‍ഷം അത് 200 ബില്യന്‍ ഡോളറിന്ആടുത്തെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
2021 ആവുമ്പോഴേക്കും ചെലവഴിക്കുന്ന തുക 260 ബില്യന്‍ ഡോളറില്‍ എത്തുമെന്നും കണക്കുകള്‍ പ്രവചിക്കുന്നു. യു.എ.ഇ.യില്‍ താമസിക്കുന്നവരില്‍ മികച്ച വരുമാനമുള്ളവര്‍ ഏറിവരുന്നതായും ചേംബറിന്റെ പഠനത്തില്‍ പറയുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കായാണ് ഏറ്റവും കൂടുതല്‍ തുക വിപണിയിലേക്ക് ഒഴുകുന്നത്. 45 ശതമാനമാണ് ഈ ഇനത്തില്‍ യു.എ.ഇ. വിപണിയില്‍ എത്തുന്നത്.
മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് 39ഉം യൂറോപ്യന്‍ നാടുകളില്‍ 56ഉം അമേരിക്കയില്‍ 68ഉം ശതമാനമാണ് ഈ വിഹിതം. ഏഷ്യയിലെ വികസ്വര രാജ്യങ്ങളില്‍ ഇത് 45 ശതമാനമാണ്. ഭക്ഷണവും മദ്യമല്ലാത്ത മറ്റ് പാനീയങ്ങള്‍ക്കുമായി ചെലവിടുന്ന പണമാണ് രണ്ടാം സ്ഥാനത്ത്. 24.8 ബില്യന്‍ ഡോളറാണ് ഇതിനായി യുഎഇ കഴിഞ്ഞ വര്‍ഷം ചെലവാക്കിയത്. ഗതാഗതത്തിനായി 16.7 ബില്യന്‍ ഡോളര്‍ ചെലവഴിച്ചപ്പോള്‍ 10.2 ബില്യന്‍ ഡോളറാണ് ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ ജനങ്ങള്‍ ചെലവാക്കിയത്.
വൈദ്യ ചികിത്സക്കും ആരോഗ്യത്തിനായുള്ള ഫുഡ് സപ്ലിമെന്റുകള്‍ക്കുമായി 8.2 ശതമാനമാണ് ചെലവിടുന്നത്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനായും എട്ട് ശതമാനമാണ് ചെലവാക്കുന്നത്. വിദ്യാഭ്യാസച്ചെലവുകള്‍ എട്ട് ശതമാനവും വിനോദത്തിനായി 7.7 ശതമാനവുമാണ് ചെലവഴിക്കുന്നത്. യുഎഇ വിപണിയുടേയും സാമ്പത്തിക വ്യവസ്ഥയുടേയും കരുത്താണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല