![](http://www.nrimalayalee.com/wp-content/uploads/2025/01/Screenshot-2025-01-31-145600.png)
സ്വന്തം ലേഖകൻ: പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി നിയമം ലഘൂകരിച്ച് നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്.
സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന വിധത്തിൽ ലളിതമായാകും പുതിയ നിയമം. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവുക, നൂലാമാലകൾ ഒഴിവാക്കി നികുതി റിട്ടേൺ സമർപ്പണം സുഗമമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
നിലവിലെ ആദായനികുതി നിയമം 1961 പ്രകാരം റിട്ടേൺ സമർപ്പിക്കാനും നികുതിയടവുകൾക്കും ‘അസസ്മെന്റ് ഇയർ’, (റിട്ടേൺ/നികുതി സമർപ്പിക്കുന്ന വർഷം) ‘പ്രീവിയസ് ഇയർ’ (നികുതിബാധകമായ വരുമാനം ലഭിച്ച വർഷം) എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ട്. പുതിയ നിയമത്തിൽ അസസ്മെന്റ് ഇയർ ഒഴിവാക്കി. പകരം ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം മാത്രമാണുള്ളത്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് സമാപിക്കുന്ന സാമ്പത്തികവർഷത്തിന് അനുസൃതമായാകും ടാക്സ് ഇയറും. മുൻവർഷത്തിനു പകരം ‘സാമ്പത്തിക വർഷം’ (ഫിനാൻഷ്യൽ ഇയർ) എന്ന പദവും ഉപയോഗിക്കും. നികുതിവ്യവസ്ഥകളും റിട്ടേൺ ഫയലിങ്ങും എളുപ്പമാക്കാനാണിത്. നിയമത്തിലെ 819 സെക്ഷനുകൾ 536 ആക്കി പുതിയ നിയമത്തിൽ കുറച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം, ആദായ നികുതി ബിൽ അവതരിപ്പിച്ചതിനു പിന്നാലെ ഏതാനും പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല