
സ്വന്തം ലേഖകൻ: ഗാര്‍ഹിക ചെലവഴിക്കല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75,000 രൂപയായി വര്‍ധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുന്നതും പരിഗണിച്ചേക്കും.
12 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന പുനഃക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി 20 ശതമാനം നികുതി സ്ലാബ് പരിഷ്‌കരിക്കേണ്ടിവരും. സ്ലാബ് പരിഷ്‌കരണത്തിലൂടെ കൂടുതല്‍ പേര്‍ക്ക് അതിന്റെ ഗണം ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിലിയരുത്തല്‍.
നിലവില്‍ പുതിയ സമ്പ്രദായ പ്രകാരം 3 മുതല്‍ 7 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ബാധ്യത. 7 മുതല്‍ 10 ലക്ഷം രൂപവരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം രൂപവരെ 15 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. 10-15 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് ബാധ്യത.
കോവിഡിന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ ശരാശരി വളര്‍ച്ച 8.3 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 6.4 ശതമാനമായി കുറഞ്ഞേക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യക്തിഗത ആദായ നികുതി വ്യവസ്ഥ പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം.
ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാക്കുന്നതിന് നികുതി കിഴിച്ചുള്ള വ്യക്തികളുടെ വരുമാനം കൂടേണ്ടതുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഈയിടെ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല