ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വികളുടെ ജാള്യത മറയ്ക്കാന്‍ യുവനിരയെ അണിനിരത്തി ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബുധനാഴ്ച കുട്ടിക്രിക്കറ്റ് പോരിനിറങ്ങുന്നു. രണ്ട് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേത് പുതിയ സ്റ്റേഡിയത്തിലാണ് – ‘സ്റ്റേഡിയം ഓസ്‌ട്രേലിയ’യില്‍. ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന കന്നി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. 2000 സിഡ്‌നി ഒളിമ്പിക്‌സിന്റെ പ്രധാന വേദികളിലൊന്നായ സ്റ്റേഡിയം ഓസ്‌ട്രേലിയയില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടി ( എസ്.സി. ജി. ) ലേതിനേക്കാള്‍ ആളുകള്‍ കൊള്ളും. സമൂല മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുന്നതെങ്കില്‍ ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ടീമിലെ ഏഴു പേരെ ആദ്യ ഇലവനില്‍ ഇറക്കും. എങ്കിലും യുവത്വത്തിന്റെ തുടിപ്പുള്ള ഈ ടീം, ടെസ്റ്റ് ടീമിനേക്കാള്‍ ഭേദമായിരിക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയയും പുതിയ ടീമിനെ പരീക്ഷിക്കുന്നതിനാല്‍ ഫലപ്രവചനം അത്ര എളുപ്പമല്ല.
ടെസ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയുടെ ഞെട്ടലില്‍നിന്ന് ഉടനെയൊന്നും ഇന്ത്യക്കു കരകയറാനാവില്ല. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റുകളിലാണ് ഇന്ത്യ തോറ്റമ്പിയത്. ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. സെവാഗ്-ഗംഭീര്‍ ഓപ്പണിംഗ് ജോഡി ടെസ്റ് പരമ്പരയില്‍ ഒരിക്കല്‍പ്പോലും ക്ളിക്ക് ചെയ്തില്ല. അതേസമയം, മധ്യനിരയില്‍ സുരേഷ് റെയ്ന, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യക്കു കരുത്താകും. അവസാന രണ്ടു ടെസ്റുകളില്‍ കോഹ്ലി മികവു തെളിയിച്ചതാണ്. രോഹിത് ശര്‍മയ്ക്കാകട്ടെ ഒരു ടെസ്റിനുപോലും അവസരം ലഭിച്ചില്ല. ക്യാപ്റ്റന്‍ ധോണി കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും തന്റെ സുവര്‍ണകാലത്തിന്റെ ഏഴയലത്തുപോലും എത്തുന്നില്ല. യുവതാരങ്ങളായ മനോജ് തിവാരിയും പാര്‍ഥിവ് പട്ടേലും അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഓള്‍റൌണ്ടറുടെ റോള്‍ രവീന്ദ്ര ജഡേജയ്ക്കാണ്.
ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുന്നതു സഹീര്‍ ഖാനാണ്. സഹീറിനൊപ്പം ഉമേഷ് യാദവും പ്രവീണ്‍കുമാറും അന്തിമ ഇലവനില്‍ സ്ഥാനം നേടിയേക്കാം. ഇര്‍ഫാന്‍ പഠാനാകട്ടെ ബാറ്റിംഗിലും തിളങ്ങുന്നയാളാണ്. രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്നറുടെ റോള്‍ കൈകാര്യം ചെയ്യും. ടെസ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്ത പീറ്റര്‍ സിഡില്‍, ബെന്‍ ഹില്‍ഫനോസ്, റയന്‍ ഹാരിസ് എന്നിവര്‍ ഓസ്ട്രേലിയന്‍നിരയില്‍ ഇല്ല. പഴയ പടക്കുതിര ബ്രെറ്റ് ലീ മാത്രമാണ് ഓസീസ്നിരയിലെ പരിചയസമ്പന്നന്‍. ടീമിലെ യുവതാരങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങുന്നവരാണെന്നതാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ നേട്ടം. ടെസ്റ് പരമ്പരയില്‍ തീര്‍ത്തും പരാജയമായ ഷോണ്‍ മാര്‍ഷിന് ഒരവസരം കൂടി ലഭിക്കും.
ടീം: ഇന്ത്യ – എം.എസ്. ധോണി (ക്യാപ്റ്റന്‍), ഗൌതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോഹ്്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രാഹുല്‍ ശര്‍മ, സഹീര്‍ ഖാന്‍, രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ്, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ഇര്‍ഫാന്‍ പഠാന്‍, രവീന്ദ്ര ജഡേജ, മനോജ് തിവാരി.
ഓസ്ട്രേലിയ – ജോര്‍ജ് ബെയ്ലി (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ബ്രിറ്റ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, സേവ്യര്‍ ഡോര്‍തി, ജയിംസ് ഫാല്‍ക്നര്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് ഹസി, ബ്രെറ്റ് ലീ, ക്ളിന്റ് മക്്കെ, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, മാത്യൂ വേഡ്, ബ്രാഡ് ഹോജ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല