ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ ഏറ്റുമുട്ടുന്ന കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസീസിനെ ഇന്ത്യ നേരിടും. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ചതിന്‍റെ ആവേശത്തിലാണ് ഏകദിന ലോക ചാംപ്യന്‍മാര്‍ ഇറങ്ങുന്നത്.
ഇതിന് മുന്‍പ് നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര വിട്ടുനല്‍കിയെങ്കിലും ഏകദിന പരമ്പര നേടി ആവേശത്തോടെ നാട്ടിലെത്തിയതിന്‍റെ ഓര്‍മകളും ഇന്ത്യയെ പ്രചോദിപ്പിക്കുന്നു. ലോകകപ്പില്‍ പ്രകടനം മോശമായിരുന്നെങ്കിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും പരമ്പരകള്‍ നേടി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു ഓസ്ട്രേലിയ. പരുക്കും ഫോമില്ലായ്മയും മൂലം സ്ഥിരാംഗങ്ങളെ ഒഴിവാക്കി നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളെത്തിയതോടെ ഫീല്‍ഡിങ്ങിലും മറ്റും ഉണര്‍വ് പ്രകടമായിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതാദ്യമായി ബ്ലൂ ജെഴ്സിയില്‍ ഇറങ്ങുന്ന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
100ാം അന്താരാഷ്ട്ര സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലേക്ക് ഇപ്പോഴും ഒരു സെഞ്ചുറി അകലെ മാത്രമാണ് സച്ചിന്‍. 100ാം സെഞ്ചുറി മാനിയ ആരാധകര്‍ക്കിടയില്‍ വീണ്ടും ആളിക്കത്തിക്കാന്‍ സച്ചിന്‍റെ സാന്നിധ്യം സഹായിക്കും.
ടീം ന്യൂസ്
ഇന്ത്യ
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആരെ ഒവിവാക്കി സച്ചിനെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നു. വീരേന്ദര്‍ സേവാഗിനൊപ്പം സച്ചിനാകും ഓപ്പണ്‍ ചെയ്യുക. ഗൗതം ഗംഭീര്‍ വണ്‍ ഡൗണായിറങ്ങുമ്പോള്‍ വിരാട് കോഹ്ലി നാലാമന്‍. കൂടാതെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താന്‍ ഒരു ബാറ്റ്സ്മാനെ ഒവിവാക്കുകയും ചെയ്യേണ്ടി വരും.
ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, വിനയ് കുമാര്‍ എന്നിവരെല്ലാം ഫൈനല്‍ ഇലവനിലെ സ്ഥാനത്തിനായി പോരാടുന്നു. ആര്‍. അശ്വിന്‍ മാത്രമാകും സ്പെഷലിസ്റ്റ് സ്പിന്നറുടെ റോളില്‍. പ്രവീണ്‍ കുമാര്‍ – സഹീര്‍ ഖാന്‍ സഖ്യം നയിക്കുന്ന പേസ് ആക്രമണമാ കും ഇന്ത്യയുടേത്.
ഓസ്ട്രേലിയ
ഷോണ്‍ മാര്‍ഷിനെ ഉള്‍പ്പെടുത്താത്ത സ്ഥിതിക്ക് ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നത് പ്രധാന ചോദ്യം. ടി20യില്‍ അപാര ഫോം പ്രകടിപ്പിച്ച മാത്യു വെയ്ഡിനും ടെസ്റ്റിലെ താരങ്ങള്‍ റിക്കി പോണ്ടിങ്ങിനെയും മൈക് ഹസിയെയും ഒഴിവാക്കാനാകില്ല.
ഡാനിയെല്‍ ക്രിസ്റ്റ്യ നാകും ഓള്‍ റൗണ്ടറുടെ റോളില്‍. മിച്ചല്‍ സ്റ്റാര്‍ക്കും റ്യാന്‍ ഹാരിസും ബ്രെറ്റ് ലീയും പേസ് ആക്രമണം നയിക്കും. സേവ്യര്‍ ദൊഹെര്‍ത്തിയാകും സ്പെഷലിസ്റ്റ് സ്പിന്നര്‍.
പിച്ച് ആന്‍ഡ് കണ്ടീഷന്‍
ബാറ്റിങ്ങിന് അളവറ്റ് സഹായിക്കുന്ന പിച്ചാകും എംസിജിയിലേത്. ഉച്ചയ്ക്ക് ശേഷം മഴപെയ്യാനും സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല