ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഇന്ത്യന്‍ ഓട്ടോമൊബീല്‍ വ്യവസായത്തിനു തിരിച്ചടിയാവുമെന്ന് ആശങ്ക. യൂറോപ്പില്‍ നിന്ന് കുറഞ്ഞ തീരുവയില്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ നിര്‍മാതാക്കളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ 60% തീരുവയാണ് ഇന്ത്യയില്‍ വാഹന ഇറക്കുമതിക്ക്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക്, സമാന റേഞ്ചിലുള്ള ഇന്ത്യന്‍ വാഹനങ്ങളെക്കാള്‍ ഇരട്ടിയിലേറെ വിലയാണ് ഇതിലൂടെ ചുമത്തപ്പെടുന്നത്. സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ തീരുവ കുത്തനെ ഇടിയും. ഇതോടെ യൂറോപ്യന്‍ നിര്‍മിത വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്ന് വിപണി വൃത്തങ്ങള്‍.
2011ല്‍ 6000 വാഹനങ്ങളാണ് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇന്ത്യ 60% നികുതി ഈടാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ 6.5% മുതല്‍ 10% വരെയാണ് വാഹന ഇറക്കുമതിയുടെ തീരുവ. സ്വതന്ത്ര വ്യാപാരക്കരാര്‍ വരുന്നതോടെ ഇത് ഏകീകരിക്കപ്പെടും. കഴിഞ്ഞ വര്‍ഷം ഇന്ത്യ യൂറോപ്പിലേക്ക് 2,30,000 വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
സ്വതന്ത്ര വ്യാപാരക്കരാര്‍ വാഹന ഇറക്കുമതിക്കു ബാധകമാക്കരുതെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്കര്‍, ഹോണ്ട സിയല്‍ എന്നിവ സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക അറിയിച്ചു. തീരുവ കുറയ്ക്കുന്നത് ഇന്ത്യന്‍ വാഹന വ്യവസായ മേഖലയില്‍ നിക്ഷേപം കുത്തനെ ഇടിയാന്‍ ഇടയാക്കുമെന്ന് സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ് (സിയാം).
ഇന്ത്യന്‍ വാഹന വിപണി ലക്ഷ്യമിട്ട് പല രാജ്യങ്ങളില്‍നിന്നും പ്രമുഖര്‍ എത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം ഒഴിവാക്കേണ്ടതാണെന്ന് ടാറ്റ മോട്ടോഴ്സ് മാനെജിങ് ഡയറക്റ്റര്‍ പ്രകാശ് എം. തലാങ്. ഇന്ത്യന്‍ വാഹന വ്യവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം.
ഇറക്കുമതി ഉദാരമാവുന്നതോടെ നിക്ഷേപത്തില്‍ ഇടിവുണ്ടാവുമെന്ന് അദ്ദേഹം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതി ഉദാരമാവുന്നതോടെ മറ്റു മേഖലകളില്‍ നിന്നും സമാന ആവശ്യമുയരുമെന്നും ഇത് ഇന്ത്യന്‍ ഓട്ടോ വ്യവസായത്തില്‍ നിന്ന് നിക്ഷേപം പൂര്‍ണമായി ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല