ടെസ്റ്റ് മാത്രമല്ല, ഇന്ത്യ ട്വന്റി 20യും കളിക്കാന്‍ മറന്നുപോയിരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ യുവരക്തത്തിന്റെ കരുത്തില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യയെ 31 റണ്‍സിന് കീഴടക്കി ഓസീസ് ആധിപത്യം അരക്കിട്ടുറപ്പിച്ചു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ 171/4, ഇന്ത്യ: 20 ഓവറില്‍ 140/6. ടെസ്റ് പരമ്പരയില്‍ സീനിയര്‍ താരങ്ങളാണ് ഇന്ത്യയെ ചതിച്ചതെങ്കില്‍ ട്വന്റി-20യില്‍ യുവതാരങ്ങളും ഇന്ത്യയെ കൈവിടുകയായിരുന്നു.
ഓസീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം മറികടക്കുമെന്ന തോന്നലുളവാക്കാന്‍ പോലും മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യക്കായില്ല. പതിവുപോലെ ആദ്യ ഓവറില്‍ തന്നെ വീരേന്ദര്‍ സേവാഗ്(4) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഗൌതം ഗംഭീറും(20), വിരാട് കൊഹ്ലി(22)യും ചേര്‍ന്ന് ചെറിയൊരു ചെറുത്തു നില്‍പ്പ്. ഇരുവരും പുറത്തായതിന് പിന്നാലെ പതിവുപോലെ മധ്യനിരയുടെ കൂട്ട തകര്‍ച്ച. രോഹിത് ശര്‍മ(0), സുരേഷ് റെയ്ന(11), രവീന്ദ്ര ജഡേജ(7) എന്നിവര്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഒടുവില്‍ തോല്‍വി ഉറപ്പാക്കിയശേഷം പരാജയ ഭാരം കുറയ്ക്കാന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ(48) വക ചില കൂറ്റനടികള്‍. ഇത്രയുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ചുരുക്കം.
നേരത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 43 പന്തില്‍ 72 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു വെയ്ഡിന്റെയും 30 പന്തില്‍ 42 റണ്‍സെടുത്ത ഡേവിഡ് ഹസിയുടെയും ബാറ്റിംഗ് മികവിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. ഡേവിഡ് വാര്‍ണറുമൊത്ത്(14 പന്തില്‍ 25) വെയ്ഡ് നല്‍കിയ മിന്നല്‍ തുടക്കമാണ് ഓസീസ് ഇന്നിംഗ്സില്‍ നിര്‍ണായകമായത്. ഇന്ത്യക്കായി ആര്‍.അശ്വിന്‍, രാഹുല്‍ ശര്‍മ, റെയ്ന, വിനയ്കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരം മൂന്നിന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല