ശ്രീലങ്കയ്ക്കെതിരേ ജയിക്കാനായതിന്റെ ആത്മവിശ്വാസവുമായി ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങും. പരമ്പരയില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഓസീസിന്റെ മുന്നേറ്റത്തിനു കടിഞ്ഞാണിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്ട്രേലിയന്‍ മണ്ണില്‍ കാലുകുത്തിയതില്പ്പിന്നെ ഒരു ട്വന്റി-20 യില്‍ മാത്രമാണ് ഇന്ത്യക്ക് ആതിഥേയരെ കീഴടക്കാന്‍ സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയതിന്റെ മാനസിക മേല്‍ക്കോയ്മയും ഓസീസിനു കൂട്ടുണ്ട്.
അവസാന പതിനൊന്നംഗ ടീമില്‍ രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തണോയെന്ന ആശങ്കയിലാണ് നിലവില്‍ ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരേ ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മയെ പുറത്തിരുത്തിയാണ് ധോണി പതിനൊന്നംഗ ടീമിനെ ഇറക്കിയത്. പരിശീലനത്തിനിടെ നെറ്റില്‍ കൈകുടുങ്ങി രാഹുല്‍ ശര്‍മയ്ക്കു പരിക്കേറ്റിരുന്നു. അതിനാല്‍ രവിചന്ദ്ര അശ്വിനായിരിക്കും ടീമിലെ സ്പിന്നര്‍. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത് അശ്വിന്റെ 30 നോട്ടൌട്ടും 32 റണ്‍സിന് മൂന്നു വിക്കറ്റും വീഴ്ത്തിയ പ്രകടനമായിരുന്നു. രാഹുല്‍ ശര്‍മയ്ക്കും സ്ഥാനം നല്കണമെങ്കില് സഹീര്‍ ഖാന്, വിനയ് കുമാര്‍ എന്നിവരില്‍ ആരെങ്കിലും പുറത്തിരിക്കേണ്ടിവരും.
ബാറ്റിംഗ് നിരയില്‍ മുന്‍നിരക്കാര്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്തിയാണ് ഇന്ത്യ ഇതുവരെ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ വിരേന്ദര്‍ സെവാഗും രണ്ടാം മത്സരത്തില്‍ ഗൌതം ഗംഭീറും പുറത്തിരുന്നു. അങ്ങനെ നോക്കിയാല്‍ ഇന്ന് ഊഴം സച്ചിന് തെണ്ടുല്ക്കറിനാണ്. എന്നാല്‍, സച്ചിനെ പുറത്തിരുത്താനുള്ള മാനസിക കരുത്ത് ടീം ഇന്ത്യക്കും ധോണിക്കും ഉണ്ടാകാനിടയില്ല. സെവാഗ്, ഗംഭീര്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും റൊട്ടേഷന്‍ പ്രകാരം പുറത്തിരിക്കാന്‍ നറുക്കുവീഴുക.
ടീം ഇവരില്‍ നിന്ന്: ഇന്ത്യ- എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരേന്ദര്‍ സെവാഗ്, ഗൌതം ഗംഭീര്‍, സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന, രവിചന്ദ്ര അശ്വിന്, സഹീര്‍ ഖാന്, പ്രവീണ്‍ കുമാര്‍, വിനയ്കുമാര്‍, രാഹുല്‍ ശര്‍മ, ഇര്ഫാന് പഠാന്. ഓസ്ട്രേലിയ- മൈക്കിള്‍ ക്ളാര്‍ക്ക് (ക്യാപ്റ്റന്‍), ഡാനിയേല്‍ ക്രിസ്റ്യന്‍, പീറ്റര്‍ ഫോറസ്റ്, റയാന് ഹാരീസ്, ഡേവിഡ് ഹസി, മിച്ചല്‍ മാര്‍ഷ്, കിന്റ് മക്കെ, റിക്കി പോണ്ടിംഗ്, മിച്ചര്‍ സ്റാര്‍ക്ക്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല