1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

ഇന്ത്യ- ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 2.30 നു തുടങ്ങുന്ന മത്സരത്തില്‍ ടോസ്‌ നിര്‍ണായകമാകും. പിച്ചില്‍ ഈര്‍പ്പമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടാമതു പന്തെറിയുന്ന ടീമിനു ഗ്രിപ്പ്‌ കിട്ടാന്‍ ബുദ്ധിമുട്ടും. ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനം ജയിച്ച ഇന്ത്യ അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്‌. ഹൈദരാബാദില്‍ മൂന്നു വിക്കറ്റ്‌ വീതമെടുത്തു തിളങ്ങിയ ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും ഫിറോസ്‌ ഷാ കോട്‌ലയിലും തിളങ്ങാനാകുമെന്നാണു കരുതുന്നത്‌.

ഓള്‍റൗണ്ടറായ ജഡേജയുടെ സാന്നിധ്യം ബാറ്റിംഗിലും മുതല്‍ക്കൂട്ടാണ്‌. ടീമിനു സ്‌ഥിരത നല്‍കാന്‍ ജഡേജയെപ്പോലുള്ള താരങ്ങള്‍ക്കു കഴിയുമെന്നു നായകന്‍ ധോണി അഭിപ്രായപ്പെട്ടിരുന്നു. ഫിറോസ്‌ ഷാ കോട്‌ലയിലെ സ്‌പിന്നിനെ അനുകൂലിക്കുന്ന പിച്ച്‌ തങ്ങള്‍ക്കു വെല്ലുവിളി തന്നെയാണെന്ന്‌ ഇംഗ്ലണ്ട്‌ നായകന്‍ അലിസ്‌റ്റര്‍ കുക്ക്‌ പറഞ്ഞു. ഇംഗ്ലണ്ട്‌ ഇവിടെ ആകെ രണ്ടു മത്സരങ്ങളാണു കളിച്ചത്‌. 2002 ല്‍ നടന്ന മത്സരത്തില്‍ രണ്ടു റണ്‍സ്‌ ജയിച്ചപ്പോള്‍ 2006 ല്‍ നടന്ന മത്സരത്തില്‍ അവര്‍ 39 റണ്‍സിനു തോറ്റു.

ഒന്നാം ഏകദിനത്തിലെ 126 റണ്‍സ്‌ ജയത്തോടെ ഇന്ത്യയുടെ മങ്ങിനിന്ന ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇംഗ്ലണ്ട്‌ പര്യടനത്തില്‍ ഒരു ജയം പോലും കുറിക്കാതെ മടങ്ങിയതിന്റെ നിരാശയിലായിരുന്നു ടീം. നാട്ടില്‍ കളിക്കുന്ന ആനൂകൂല്യം മുതലെടുത്ത്‌ ഏകദിന പരമ്പര ആധികാരികമായി നേരിടാമെന്ന ഉറപ്പിലാണ്‌ എം.എസ്‌. ധോണിയും സംഘവും ഇന്നിറങ്ങുന്നത്‌. ഫോം മങ്ങിയ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ആദ്യ രണ്ട്‌ ഏകദിനങ്ങളില്‍നിന്ന്‌ ഒഴിവാക്കിയതിനാല്‍ ബൗളിംഗ്‌ ദുര്‍ബലമാണ്‌. പേസ്‌ ബൗളര്‍ പ്രവീണ്‍ കുമാര്‍ ഒഴികെയുള്ളവര്‍ മത്സര പരിചയം തീര്‍ത്തും കുറവാണ്‌.

ഒന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും അജിന്‍ക്യ രഹാനെയും പാര്‍ഥിവ്‌ പട്ടേലുമായിരിക്കും ഇന്നും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചില്‍ കാര്യമായ നേട്ടങ്ങളില്ലാത്ത ഇംഗ്ലണ്ടിനു മേലാണ്‌ സമ്മര്‍ദമേറെയും. ആദ്യ മത്സരത്തില്‍ നിറംമങ്ങിയെങ്കിലും പരമ്പരയില്‍ തിരിച്ചുവരാനാകുകുമെന്നാണു കുക്കിന്റെ പ്രതീക്ഷ. ഹൈദരാബാദില്‍ കളിയുടെ എല്ലാ മേഖലകളിലും ഞങ്ങള്‍ പരാജയപ്പെട്ടു.

അവസാന 20 ഓവറില്‍ 180 റണ്‍സാണു വിട്ടുകൊടുത്തത്‌. പ്രതീക്ഷിച്ചതിലും 40 റണ്‍സ്‌ കൂടുതലായിരുന്നു അത്‌- കുക്ക്‌ തുടര്‍ന്നു. ഫീല്‍ഡിംഗും മോശമായി. സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുന്നുണ്ടെന്നു കുക്ക്‌ സമ്മതിച്ചു. വരുംദിനങ്ങളില്‍ സ്‌പിന്നിനെ ഫലപ്രദമായി നേരിടുമെന്നും കുക്ക്‌ അവകാശപ്പെട്ടു. ഇംഗ്ലണ്ട്‌ ഓഫ്‌ സ്‌പിന്നര്‍ സമിത്‌ പട്ടേലിനെ ഒഴിവാക്കി ലെഗ്‌ സ്‌പിന്നര്‍ സ്‌കോട്ട്‌ ബോര്‍ത്‌വിക്കിന്‌ അവസരം നല്‍കാന്‍ സാധ്യതയുണ്ട്‌.

ടീം : ഇന്ത്യ (ഇവരില്‍നിന്ന്‌)- എം.എസ്‌. ധോണി, ഗൗതം ഗംഭീര്‍, പാര്‍ഥിവ്‌ പട്ടേല്‍, അജിന്‍ക്യ രഹാനെ, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, വരുണ്‍ ആരണ്‍, ഉമേഷ്‌ യാദവ്‌, വിനയ്‌ കുമാര്‍, എസ്‌. അരവിന്ദ്‌, രാഹുല്‍ ശര്‍മ, മനോജ്‌ തിവാരി, പ്രവീണ്‍ കുമാര്‍.

ഇംഗ്ലണ്ട്‌ (ഇവരില്‍നിന്ന്‌)- അലിസ്‌റ്റര്‍ കുക്ക്‌ (നായകന്‍), ക്രെയ്‌ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്‌, ഇയാന്‍ ബെല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, രവി ബൊപ്പാര, ജൊനാഥന്‍ ബെയര്‍സ്‌റ്റോ, ഗ്രെയിം സ്വാന്‍, സമിത്‌ പട്ടേല്‍, ടിം ബ്രെസ്‌നാന്‍, സ്‌റ്റീവന്‍ ഫിന്‍, സ്‌റ്റുവര്‍ട്ട്‌ മീകര്‍, ക്രിസ്‌ വോക്‌സ്, സ്‌കോട്ട്‌ ബോര്‍ത്‌വിക്‌, ജോസ്‌ ബട്ട്‌ലര്‍, അലക്‌സ് ഹാലസ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.