ഇന്ത്യ- വെസ്‌റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരം ഇന്നു കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് 2.30 മുതലാണ്.
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ബരാബതി സ്‌റ്റേഡിയത്തില്‍ ഒരുക്കിയതെന്ന ക്യൂറേറ്റര്‍ പങ്കജ് പട്‌നായികിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ കട്ടക്കില്‍ ഇന്നു റണ്‍മഴ പെയ്യും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റണ്‍സിനു മേല്‍ സ്‌കോര്‍ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബൗളര്‍മാര്‍ക്ക് നേരിയ ബൗണ്‍സും പിച്ചില്‍നിന്നു ലഭിക്കും. ബാറ്റിംഗ് വിക്കറ്റാണെങ്കിലും ഇന്ത്യ അവസാനം ഇവിടെ കളിച്ച രണ്ടു കളികളിലും പിന്തുടര്‍ന്നു ജയിക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ 2009 ഡിസംബറില്‍ 243 റണ്‍സെടുത്തും ഇംഗ്ലണ്ടിനെതിരേ 208 നവംബര്‍ 26 ന് 273 റണ്‍സെടുത്തുമാണ് ഇന്ത്യ ജയിച്ചത്. ബരാബതി സ്‌റ്റേഡിയം ഇന്ത്യക്ക് ഭാഗ്യഗ്രൗണ്ട് കൂടിയാണ്.
ഇവിടെ ഒന്‍പതു തവണ ഇന്ത്യ ജയമറിഞ്ഞപ്പോള്‍ നാലില്‍ മാത്രമാണു തോറ്റത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. വിന്‍ഡീസിനെതിരേ ഇവിടെ നേരത്തെ നടന്ന രണ്ടു മത്സരങ്ങളും ഇന്ത്യ ജയിക്കുകയും ചെയ്‌തു. 1994 നവംബര്‍ ഒന്‍പതിനും 2007 ജനുവരി 24 നുമാണ് ഇരുവരും ഇവിടെ വച്ച് ഏറ്റുമുട്ടിയത്. പുതുക്കിപ്പണിത സ്‌റ്റേഡിയത്തില്‍ 45,000 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള സൗകര്യമുണ്ട്. ഏകദിനത്തിന്റെ ടിക്കറ്റുകളെല്ലാം ശനിയാഴ്‌ച തന്നെ വിറ്റഴിഞ്ഞിരുന്നു.
ടെസ്‌റ്റ് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യക്കാണ് മുന്‍തൂക്കം. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര 5-0 ത്തിനു ജയിച്ചതും ഇന്ത്യക്കു തുണയാകുമെന്നാണു നിരൂപക മതം. ലോകകപ്പ് കിരീടം നേടിയ ശേഷം വീരേന്ദര്‍ സേവാഗ് ആദ്യമായാണ് ഏകദിനത്തില്‍ കളിക്കാനിറങ്ങുന്നതെന്ന സവിശേഷതയുമുണ്ട്.
നായകന്റെ അധികച്ചുമതലയും സേവാഗിനുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി എം.എസ്. ധോണിക്കു വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് സേവാഗ് നായകനായത്. സേവാഗും ഗൗതം ഗംഭീറുമായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരാകും മധ്യനിരയുടെ കരുത്ത്. രഞ്‌ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ പുറത്താകാതെ 204 റണ്‍സെടുത്ത കരുത്തുമായാണ് റെയ്‌ന ഇറങ്ങുന്നത്.
രഞ്‌ജി ട്രോഫിയില്‍ രണ്ടു സെഞ്ചുറിയടിച്ച രോഹിത് ശര്‍മയും ഫോമിലാണെന്ന സൂചന നല്‍കി. ഇരട്ട സെഞ്ചുറി നേടിയ ബംഗാള്‍ നായകന്‍ മനോജ് തിവാരിയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവ്രാജ് സിംഗ് എന്നിവരുടെ അഭാവത്തില്‍ ബാറ്റിംഗിന്റെ ഉത്തരവാദിത്വം ഇവര്‍ക്കാണ്. ഇന്നത്തെ മത്സരത്തില്‍ മീഡിയം പേസര്‍ പ്രവീണ്‍ കുമാര്‍ കളിക്കില്ല.
വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ഏകദിനത്തില്‍ പ്രവീണിനു കളിക്കാനാകുമെന്നു കരുതുന്നതായി ഇന്ത്യന്‍ നായകന്‍ വീരേന്ദര്‍ സേവാഗ് പറഞ്ഞു. പ്രവീണ്‍ കുമാറിന്റെ സാന്നിധ്യത്തില്‍ വിനയ് കുമാര്‍ പേസ്‌നിരയെ നയിക്കും.
വരുണ്‍ ആരണ്‍, ഉമേഷ് യാദവ് എന്നിവരാണ് സഹപേസര്‍മാര്‍. ടെസ്‌റ്റ് പരമ്പരയിലെ പ്രകടനം തുടരാകുമെന്ന പ്രതീക്ഷയിലാണ് ആര്‍. അശ്വിന്‍. ലെഗ് സ്‌പിന്നര്‍ രാഹുല്‍ ശര്‍മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ്. ബംഗ്ലാദേശിനെതിരേ നടന്ന അവസാന ഏകദിനത്തില്‍ 61 റണ്‍സിന് ഓള്‍ഔട്ടായതിന്റെ ഓര്‍മകളിലാണ് വിന്‍ഡീസ് ടീം. ഏകദിന സ്‌പെഷലിസ്‌റ്റുകളായ ലെന്‍ഡല്‍ സിമ്മണ്‍സ്, ഡാന്‍സ ഹ്യാറ്റ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍ എന്നിവരുടെ സാന്നിധ്യം നായകന്‍ ഡാരന്‍ സാമിക്ക് ആശ്വാസമാണ്.
ടീം ഇവരില്‍നിന്ന് – ഇന്ത്യ: വീരേന്ദര്‍ സേവാഗ് (നായകന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, വിനയ് കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരണ്‍, രോഹിത് ശര്‍മ, മനോജ് തിവാരി, രാഹുല്‍ ശര്‍മ.
വെസ്‌റ്റിന്‍ഡീസ്: ഡാരന്‍ സാമി (നായകന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബാരാത്, ഡാന്‍സ ഹ്യാറ്റ്, മര്‍ലോണ്‍ സാമുവല്‍സ്, ഡാരന്‍ ബ്രാവോ, ദിനേഷ് രാംദീന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ആന്റണി മാര്‍ട്ടിന്‍, ജാസണ്‍ മുഹമ്മദ്, സുനില്‍ നരെയ്‌ന്‍, കീരന്‍ പവല്‍, രവി രാംപോള്‍, കീമര്‍ റോച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല