വെസ്‌റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനം ഇന്ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം 2.30 നു തുടങ്ങും. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്. കട്ടക്കിലും വിശാഖപട്ടണത്തിലും നടന്ന ആദ്യ മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 16 റണ്‍സിനു തോല്‍ക്കേണ്ടി വന്നു. മൂന്നാം ഏകദിനത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു വിന്‍ഡീസ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ഇരട്ടസെഞ്ചുറി നേടിയ ഗ്വാളിയോറിലെ രൂപ്‌സിംഗ് സ്‌റ്റേഡിയത്തിലെ പിച്ച് ഒരുക്കിയ സമുന്ദര്‍ സിംഗ് ചൗഹാനാണ് ഹോല്‍കര്‍ സ്‌റ്റേഡിയത്തിലും പിച്ചൊരുക്കിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണിതെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
എം.എസ്. ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന വീരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍ അവസരത്തിനൊത്തുയരാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. സേവാഗും ഗൗതം ഗംഭീറും അഹമ്മദാബാദില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. തുടക്കത്തിലേ തകര്‍ച്ചയെ അതിജീവിച്ച് പോരാട്ടം അവസാനംവരെ നീട്ടിയെടുക്കാനായത് പക്ഷേ തള്ളിക്കളയാനാകില്ല.
മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍ അകലെ വച്ചു പുറത്തായ രോഹിത് ശര്‍മയുടെ മികച്ച ഫോമും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ തുടരുന്ന മികവും ഇന്ത്യക്കു പ്രതീക്ഷയേകുന്നു. ഏറെ നാളുകള്‍ക്കു ശേഷം ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്നു കളിക്കുമെന്നാണു കരുതുന്നത്.
പരമ്പരയിലെ ശേഷിക്കുന്ന ഏകദിനങ്ങളിലേക്ക് ഉമേഷ് യാദവിനു പകരം ഇര്‍ഫാനെ ഉള്‍പ്പെടുത്തിയിരുന്നു. 26 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു നേരത്തെ പുറപ്പെടുന്നതിനാണു യാദവിനെ ഒഴിവാക്കിയത്. 2009 ജൂണില്‍ വിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ഇര്‍ഫാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. രഞ്‌ജി ട്രോഫിയില്‍ ബറോഡയ്‌ക്കു വേണ്ടി സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇര്‍ഫാനെ (മൂന്നു കളികളില്‍നിന്ന് 21 വിക്കറ്റ്) മടക്കി വിളിക്കാന്‍ സെലക്‌ടര്‍മാരെ പ്രേരിപ്പിച്ചത്. മൂന്നാം ഏകദിനത്തിനിടെ ഇടതു കാലിന്റെ മസിലിനു പരുക്കേറ്റ ഡാരന്‍ ബ്രാവോ ഇന്നു കളിക്കാത്തതു വിന്‍ഡീസിനു തിരിച്ചടിയാണ്. ബ്രാവോയ്‌ക്കു പകരം കീറണ്‍ പവലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രാവോയുടെ അഭാവം തിരിച്ചടിയാകുമെന്ന് വിന്‍ഡീസ് നായകന്‍ ഡാരന്‍ സാമി പറഞ്ഞു.
സാധ്യതാ ടീം: ഇന്ത്യ- വീരേന്ദര്‍ സേവാഗ് (നായകന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ആര്‍. അശ്വിന്‍, അഭിമന്യു മിഥുന്‍, ആര്‍. വിനയ് കുമാര്‍, ഇര്‍ഫാന്‍ പഠാന്‍, വരുണ്‍ ആരണ്‍, രാഹുല്‍ ശര്‍മ, മനോജ് തിവാരി.
വിന്‍ഡീസ്- ഡാരന്‍ സാമി (നായകന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബാരാത്, മര്‍ലോണ്‍ സാമുവല്‍സ്, ഡാരന്‍ ബ്രാവോ, ഡാന്‍സ ഹ്യാത്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ദിനേഷ് രാംദിന്‍, ആന്ദ്രെ റസല്‍, രവി രാംപോള്‍, കീമര്‍ റോച്ച്, ആന്റണി മാര്‍ട്ടിന്‍, സുനില്‍ നരേന്‍, കീരണ്‍ പവല്‍, ജാസന്‍ മുഹമ്മദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല