1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

ധോണിക്കും സംഘത്തിനും ഈഡന്‍ഗാര്‍ഡന്‍സില്‍ ഹാപ്പി ദീപാവലി. അഞ്ചാം ഏകദിനത്തിലും ഇംഗ്ളണ്ടിനെ വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ഒരു ദിവസം മുമ്പേ ടീം ഇന്ത്യ ദീപാവലി ആഘോഷിച്ചത്. ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കെട്ട് ആഘോഷങ്ങള്‍ക്കു നിറം പകര്‍ന്നപ്പോള്‍ ഇംഗ്ളണ്ടില്‍ ഏറ്റ പരാജയത്തിന് മധുരം നുകര്‍ന്ന പ്രതികാരമായി ടീം ഇന്ത്യക്ക് ഈ ജയം. 95 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

സ്കോര്‍ ഇന്ത്യ- 50 ഓവറില്‍ എട്ടിന് 271. ഇംഗ്ളണ്ട് 37 ഓവറില്‍ 176ന് എല്ലാവരും പുറത്ത്. ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇംഗ്ളണ്ട് അനായാസം ജയിക്കുമെന്നു തോന്നിപ്പിച്ച അവസരത്തില്‍നിന്ന് നാലുവിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വിജയസോപാനത്തിലെത്തിച്ച രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

ഒരുഘട്ടത്തില്‍ തകര്‍ന്ന ഇന്ത്യയെ മികച്ച ബാറ്റിംഗിലൂടെ കൈപിടിച്ചുയര്‍ത്തിയ ധോണി ഒരിക്കല്‍ക്കൂടി നായകന്റെ കളി പുറത്തെടുത്തു. 71 റണ്‍സ് നേടിയ ധോണി പുറത്താകാതെനിന്നു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ധോണിതന്നെയാണ് മാന്‍ ഓഫ് ദ സീരീസ്. പരമ്പരയില്‍ 212 റണ്‍സാണ് ധോണി സ്വന്തമാക്കി യത്.

ടോസ് നേടിയ ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ തീരുമാനം തെറ്റായിരുന്നെന്നു തോന്നിപ്പിക്കും വിധമാണ് ഇന്ത്യയുടെ ഓപ്പണര്‍മാരായ അജിങ്ക്യ രഹാനയും ഗൌതംഗംഭീറും തുടങ്ങിയത്. സാവധാനം റണ്‍ ഉയര്‍ത്തിയ ഇരുവരും മോശംപന്തുകളെ മാത്രമാണു ശിക്ഷിച്ചത്. ഇതിനിടെ ഗംഭീറിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ കീസ്വെറ്റര്‍ നഷ്ടപ്പെടുത്തി.

എന്നാല്‍, തുടരെത്തുടരെ മൂന്നുവിക്കറ്റുകള്‍ വീണത് ഇന്ത്യയെ പരുങ്ങലിലാക്കി. ഇന്ത്യന്‍ സ്കോര്‍ 80-ല്‍ നില്‍ക്കെയാണ് മൂന്നുവിക്കറ്റുകളും കടപുഴകിയത്. 18-ാമത്തെ ഓവറിലെ ആദ്യപന്തില്‍ 46 പന്തില്‍ 38 റണ്‍സെടുത്ത ഗംഭീറിനെ സ്റീവ് പിന്‍ ബൌള്‍ഡാക്കി.

തൊട്ടുപിന്നാലെയെത്തിയ ഇന്‍ഫോം ബാറ്റ്സ്മാന്‍ വിരാട് കോഹ്ലി റണ്ണൊന്നുമെടുക്കാതെ ഫിന്നിനു മുന്നില്‍ കീഴടങ്ങി. തൊട്ടടുത്ത ഓവറില്‍ ബ്രെസ്നന് രഹാനെ (61 പന്തില്‍ 42) വിക്കറ്റ് നല്‍കി മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 80 എന്ന നിലയില്‍ പതറി. പിന്നീടു ക്രീസിലൊത്തുചേര്‍ന്ന മനോജ് തിവാരിയും സുരേഷ് റെയ്നയും ശ്രദ്ധയോടെ തുടങ്ങി. തുടര്‍ച്ചയായ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ഫിന്നും ബൊപ്പാരയും ഇരുവരെയും പരീക്ഷിച്ചു. ഇതിനിടെ, റെയ്നയുടെ ക്യാച്ച് രണ്ടാം സ്ളിപ്പില്‍ ഗ്രേയം സ്വാന്‍ വിട്ടുകളഞ്ഞു.

43 റണ്‍സ് നീണ്ടുനിന്ന ഇവരുടെ കൂട്ടുകെട്ടു പൊളിച്ചത് സ്റുവര്‍ട്ട് മാക്കറാണ്. തട്ടിയും മുട്ടിയും മുന്നേറിയ തിവാരി(24)യെ മാക്കര്‍ കീസ്വെറ്ററുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് നായകന്‍ ധോണിയുടെയും സുരേഷ് റെയ്നയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം. സാവധാനം മുന്നേറിയ ധോണിക്ക് മികച്ച ഷോട്ടുകളുതിര്‍ത്തു റെയ്ന പിന്തുണയേകി. ബൊപ്പാരയുടെ മികച്ച ഫീല്‍ഡിംഗില്‍ റെയ്ന(38) റണ്ണൌട്ട്. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ധോണി പിടിച്ചുനിന്നു. ജഡേജയെയും പ്രവീണ്‍കുമാറിനെയും കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദീപാവലിക്കുമുമ്പുള്ള ബാറ്റിംഗ് വെടിക്കെട്ടു നടത്തി. ഈഡന്‍ ഗാര്‍ഡന്‍സിലെ ഗാലറികള്‍ക്ക് ഉത്സവം സമ്മാനിച്ച് ധോണി കുതിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 271-ലെത്തി. 69 പന്തില്‍ മൂന്നു ഫോറും നാലു സിക്സുമടക്കമാണ് ധോണി 71 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ 12 പന്തില്‍ 16 റണ്‍സ് നേടിയ പ്രവീണ്‍കുമാറും ഇന്ത്യന്‍ സ്കോറിനു മികച്ച സംഭാവന നല്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനുവണ്ടി ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കീസ്വെറ്ററും ചേര്‍ന്നു മികച്ച തുടക്കം നല്കി. മികച്ച സ്ട്രോക്കുകളിലൂടെ ഇരുവരും സ്കോര്‍ ഉയര്‍ത്തി. കുക്കും കീസ്വെറ്ററും നിലയുറപ്പിച്ചപ്പോള്‍ അവര്‍ അനായാസം ജയം കൈപ്പിടിയിലൊതുക്കുമെന്നു തോന്നിച്ചു.

എന്നാല്‍, കാര്യങ്ങള്‍ തകിടംമറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. പുതുമുഖ ബൌളര്‍ വരുണ്‍ ആരോണ്‍ ഇന്ത്യക്കു പ്രതീക്ഷനല്കിക്കൊണ്ട് 61 പന്തില്‍ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കിനെ ബൌള്‍ഡാക്കി. 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് വരുണ്‍ തകര്‍ത്തത്. തൊട്ടുപിന്നാലെ 64 പന്തില്‍ 63 റണ്‍സെടുത്ത കീസ്വെറ്ററെ രവീന്ദ്ര ജഡേജ എല്‍ബിഡബ്ള്യുവില്‍ കുടുക്കി. പിന്നീട് അവിശ്വസനീയമാംവണ്ണം ഇംഗ്ളീഷ് പട തകര്‍ന്നടിഞ്ഞു. ജഡേജയുടെയും അശ്വിന്റെയും സ്പിന്‍ മാന്ത്രികതയില്‍ വട്ടംകറങ്ങി ഇംഗ്ളണ്ട് താരങ്ങള്‍ ക്രീസില്‍ വീണുമരിച്ചു. കുക്കിനും കീസ്വെറ്റര്‍ക്കുമല്ലാതെ മറ്റൊരു ഇംഗ്ളീഷ് താരത്തിനും പിടിച്ചുനില്ക്കാനാകാതായതോടെ ഇംഗ്ളണ്ട് അഞ്ചാമത്തെ ഏകദിനത്തിലും ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യക്കാകട്ടെ, എല്ലാമത്സരവും ഏകപക്ഷീയമായി ജയിക്കാനും സാധിച്ചു. ഇന്ത്യക്കുവേണ്ടി ജഡേജ എട്ട് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാലും അശ്വിന്‍ ഒമ്പത് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഇന്ത്യ പാര്‍ഥിവ് പട്ടേലിനെ ഒഴിവാക്കി മനോജ് തിവാരിയെ ടീമിലെടുത്തപ്പോള്‍ ഇംഗ്ളണ്ട് നിരയില്‍ പരിക്കേറ്റ കെവിന്‍ പീറ്റേഴ്സനു പകരം ഇയാന്‍ ബെല്‍ ടീമിലെത്തി. 2005ലും ഇന്ത്യ 5-0ന് ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ഏക ട്വന്റി-20 മത്സരം 29നു നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.