ബിനു ജോർജ്: ‘ഇന്ദീവരം’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രുതിമധുരമാർന്ന അഞ്ച് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ വിജയ് യേശുദാസാണ് ഈ ആൽബത്തിലെ മുഖ്യഗായകൻ. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനും ഈ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈ ആൽബത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത് യുകെയിലെ പ്രശസ്ത കവയിത്രിയും സാഹിത്യകാരിയുമായ ശ്രീമതി ബീനാ റോയ് ആണ്. ഭാവതരളമായ രചനകളാൽ സമ്പുഷ്ടമായ എഴുത്തുകളുടെ ഉടമയാണ് ശ്രീമതി ബീനാ റോയ്. ക്രോകസിന്റെ നിയോഗങ്ങൾ എന്ന 70 കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരത്തിലൂടെ സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയിയുടെ രണ്ടാമത്തെ സംഗീതആൽബമാണ് ഇത്. കാവ്യരസപ്രധാനമായ വരികളിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ എഴുത്തുകാരിയാണ് ബീനാ റോയ്.
ഇന്ദീവരത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ പ്രസാദ് എൻ എ ആണ്. മലയാളത്തിലെ മുൻനിര ഗായകരെ ഉൾക്കൊള്ളിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള ആളാണ് ശ്രീ പ്രസാദ് എൻ എ. അതിമനോഹരമായ അഞ്ച് വ്യത്യസ്തരാഗങ്ങളിലാണ് പ്രേക്ഷകരുടെ മനം കവരുവാൻ ഈ ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനാമിക കെന്റ് യു കെ യുടെ ആദ്യ സംഗീതആൽബമായ ബൃന്ദാവനി, സാഹിത്യംകൊണ്ടും സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും വളരെയേറെ പ്രേക്ഷക പ്രശംസ നേടിയിരന്നു. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കുന്ന രണ്ടാമത്തെ സംഗീത ആൽബമാണ് ഇന്ദീവരം.
എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസ്സിൽ സൂക്ഷിക്കാൻ പ്രണയം തുളുമ്പുന്ന ഗാനങ്ങളടങ്ങിയ ഈ ആൽബം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7.30 നു ഗർഷോം ടിവിയിലൂടെ റിലീസ് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല