1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2015

സ്വന്തം ലേഖകന്‍: കാബൂള്‍ പാതിയിലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റാഞ്ചാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ്‍ റിപ്പോര്‍ട്ട്. പത്തോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ഹോട്ടലുകളും റയില്‍വേ സ്റ്റേഷനുകളിലും ആക്രമണം നടത്താനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശം.

ഭീകരര്‍ കടല്‍ കടന്നെത്തി മുംബൈ ഭീകരാക്രമണ മോഡലില്‍ ആക്രമണം നടത്തിയേക്കാമെന്നും ബിജെപി ഓഫിസുകള്‍ ലക്ഷ്യമിട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. പാരാ ഗ്ലൈഡര്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണവും ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ഉന്നത നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടും ലോട്ടസ് ടെംപിള്‍, നോയിഡയിലെ ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന ചുവപ്പു കോട്ട എന്നിവിടങ്ങളിലും ആക്രമണ സാധ്യതയെപ്പറ്റി അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കൊച്ചി, മുംബൈ നാവികാസ്ഥാനങ്ങളിലും കര്‍വാറിലെ നാവിക താവളത്തിലും അതീവ ജാഗ്രതക്കു നിര്‍ദേശമുണ്ട്.

ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലും ജമ്മു, കശ്മീര്‍, ഗുജറാത്ത് എന്നീ സംസ്ഥാന അതിര്‍ത്തികളിലും ജാഗ്രതയ്ക്കുള്ള നിര്‍ദേശത്തിനു പുറമേയാണിത്. ഇന്ത്യന്‍ സേനയ്ക്കു നേരെയും സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെയും അക്രമണം നടത്തേണ്ടതിനെക്കുറിച്ചു നിര്‍ദേശം നല്‍കുന്ന രഹസ്യസന്ദേശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ പിടിച്ചെടുത്തിട്ടുണ്ട്.

എല്ലാ ഭീകര സംഘടനകളെയും ഏകോപിപ്പിച്ച് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്‌ഐ) ഇതാദ്യമായി ലഷ്‌കറെ തയിബയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച രഹസ്യവിവരം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതുവായ ജാഗ്രതാനിര്‍ദേശം കേന്ദ്രം നേരത്തെ തന്ന നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.